‘ക്രിമിനലുകൾക്ക് മറുപടിയില്ല, മന്ത്രിയുടെ നടപടി നിയമവിരുദ്ധം’; ആർ. ബിന്ദുവിനെതിരെ ഗവർണർ
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പ്രോ-ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചതിനെച്ചൊല്ലി ഗവർണറും സർക്കാരും വീണ്ടും ഏറ്റുമുട്ടലിെന്റ പാതയിൽ. മന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഗവർണർ രംഗത്തെത്തി. സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കാൻ അധികാരമുണ്ടെന്ന മന്ത്രിയുടെ പ്രതികരണത്തിന് ‘ക്രിമിനലുകളോട് മറുപടി പറയാനില്ലെന്നാ’യിരുന്നു ഗവർണറുടെ തിരിച്ചടി. മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്നും വൈസ് ചാൻസലറോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാളോ ആണ് സെനറ്റിൽ അധ്യക്ഷത വഹിക്കേണ്ടതെന്നും ഗവർണർ പ്രതികരിച്ചു.
അതേസമയം, താൻ സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചത് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. പ്രോ-ചാൻസലർക്ക് അധികാരമുണ്ടോയെന്ന് അറിയാന്‍ ഗവര്‍ണര്‍ നിയമം പരിശോധിച്ചാല്‍ മതി. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ആരും ആരെക്കാളും വലുതല്ല. താനാണ് എല്ലാറ്റിന്‍റേയും അധികാരി എന്ന സമീപനം കേരളത്തിന് പരിചിതമല്ലെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, ഗവണർക്കെതിരെ പ്രസ്താവനയുമായി കേരള സർവകലാശാലയിലെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തുവന്നു. വി.സി നിയമന നടപടികളിൽ സുപ്രീംകോടതി വിധിയും യു.ജി.സി റെഗുലേഷനും അംഗീകരിക്കാൻ ചാൻസലർ തയാറാവണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജി. മുരളീധരൻ, ഡോ. ഷിജൂഖാൻ, ആർ. രാജേഷ്, ഡോ.എസ്. ജയൻ എന്നിവർ ആവശ്യപ്പെട്ടു. കേരള സർവകലാശാലയുടെ ചാൻസലർ ഉൾപ്പെടെ പദവികളും ഭരണസംവിധാനങ്ങളും സർവകലാശാല നിയമപ്രകാരമാണ് നിലവിൽവന്നത്.
ചാൻസലർക്കും ഈ നിയമം ബാധകമാണ്. ചാൻസലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോൾ വൈസ്ചാൻസലറല്ല, ചാൻസലറാണ് അധ്യക്ഷത വഹിക്കേണ്ടതെന്ന് സർവകലാശാല നിയമം വ്യക്തമാക്കുന്നു. കേരള സർവകലാശാല ആക്ടിലെ ചാപ്റ്റർ മൂന്നിൽ 8(2) പ്രകാരം ചാൻസലറുടെ അഭാവത്തിൽ ചാൻസലറുടെ എല്ലാ ഉത്തരവാദിത്വങ്ങളും പ്രോ-ചാൻസലർക്ക് നിർവഹിക്കാമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.