ഗവർണറുടെ 'പ്ലഷറിൽ' എൽ.ഡി.എഫിന് താൽപര്യമില്ല
text_fieldsതിരുവനന്തപുരം: ഗവർണറുടെ നിയമ- ഭരണഘടന വിരുദ്ധ നടപടികൾക്ക് നിയമപരവും ഭരണപരവുമായി മറുപടി നൽകുമ്പോൾതന്നെ രാജ്ഭവന്റെ കുത്തിത്തിരിപ്പിന് കഴുത്തുവെക്കേണ്ടതില്ലെന്ന നിലപാടിൽ സർക്കാറും എൽ.ഡി.എഫും. ഭരണഘടനയിൽ പറയുന്ന പ്രീതി ഉയർത്തി ഗവർണർ നടത്തിയ നീക്കത്തിന് മറുപടി നൽകി അവസാനിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. വരും ദിവസങ്ങളിലും രാജ്ഭവനിൽനിന്ന് കൂടുതൽ 'അപ്രീതി'കൾ സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
ഭരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ആർ.എസ്.എസ്- രാജ്ഭവൻ ലക്ഷ്യമെന്ന വിലയിരുത്തലിലാണ് ഭരണപക്ഷം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന അഭിപ്രായം മുന്നണിയിൽ ഉയർന്നിരുന്നു. പക്ഷേ, കേന്ദ്രത്തിനും രാജ്ഭവനും ബി.ജെ.പിക്കും മുൻതൂക്കം കിട്ടുന്ന ഒരു നീക്കത്തിനും മുതിരരുതെന്ന നിലപാടായിരുന്നു സി.പി.എമ്മിന്. ഇത്തരമൊരു നീക്കം കേന്ദ്രം തള്ളുകയേ ഉള്ളൂവെന്നിരിക്കെ തൽക്കാലം പരിഗണനയിലില്ല. രാജ്ഭവൻ സൃഷ്ടിക്കുന്ന വിവാദങ്ങൾ ഭരണത്തെ ഒരുതരത്തിലും ബാധിക്കരുതെന്ന നിർദേശം മന്ത്രിമാർക്കും നൽകി. ഗവർണറുടെ ഭരണഘടന വിരുദ്ധ രാഷ്ട്രീയ നടപടികളെ താഴെത്തട്ട് മുതലുള്ള രാഷ്ട്രീയ പ്രചാരണത്തിലൂടെ പ്രതിരോധിക്കുക എന്ന വഴി മാത്രമാണ് സർക്കാറിനും മുന്നണിക്കും മുന്നിലുള്ളത്.
നിയമവിരുദ്ധ നടപടികളെ നിയമപരമായി തന്നെ പ്രതിരോധിക്കും. ആരോപണത്തിന് ഭരണപരമായും രാഷ്ട്രീയമായും മറുപടി നൽകും. ധനമന്ത്രിയിൽ പ്രീതി നഷ്ടമായെന്ന രാജ്ഭവന്റെ കത്ത് ബോധപൂർവമായ വിവാദ ശ്രമമാണ്. ബാലഗോപാലിന്റെ നടപടി പ്രാദേശികവാദമെന്ന് കുറ്റപ്പെടുത്തുമ്പോൾ 2016 മേയിൽ സംസ്ഥാനത്ത് നടന്ന ഒരു പ്രചാരണയോഗത്തിൽ കേരളത്തിലെ ശിശുമരണ നിരക്കിനെ സൊമാലിയയിലെ ശിശുമരണ നിരക്കിനോട് ഉപമിച്ചത് സി.പി.എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ബാലഗോപാലിന്റെ പ്രസംഗത്തിൽ ഗവർണറുടെ പ്രീതി നഷ്ടപ്പെടുത്തുന്ന ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രീതിയെ ഒരു തർക്കവിഷയമാക്കി എടുക്കുകയാണ് രാജ്ഭവന്റെ തന്ത്രമെന്ന് സർക്കാർ കരുതുന്നു. ഭരണഘടന വിദഗ്ധരെയും വിവിധ കമീഷനുകളെയും ഉയർത്തി ഇത് പ്രതിരോധിക്കും. യു.ഡി.എഫിനെ കാഴ്ചക്കാരുടെ റോളിൽ ഒതുക്കി ഗവർണർ- സർക്കാർ പോരിലേക്ക് സംസ്ഥാന രാഷ്ട്രീയം ചുരുങ്ങിയത് എൽ.ഡി.എഫിന് നേട്ടമായി. ഫെഡറലിസം, ഭരണഘടനാമൂല്യം, മതേതരത്വം എന്നിവക്കെതിരായ സംഘ്പരിവാർ അതിക്രമം എന്നിവ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും സർക്കാറിന് കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.