തന്നെ വി.സി ധിക്കരിച്ചു, രാഷ്ട്രപതിയെ ആദരിക്കാൻ പറ്റില്ലെന്ന മറുപടി കേട്ട് ഞെട്ടി -ഗവർണർ
text_fieldsതിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാനുള്ള ശിപാർശ തള്ളിയ സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതിയെ ആദരിക്കണമെന്ന് ചാൻസലർ എന്ന നിലയിൽ കേരള സർവകലാശാല വി.സിയോട് ആവശ്യപ്പെട്ടിരുന്നു. പറ്റില്ലെന്ന വി.സിയുടെ മറുപടി കേട്ട് ഞെട്ടി. ഈ ഞെട്ടലിൽ നിന്ന് മോചിതനാകാൻ സമയമെടുത്തെന്നും ഗവർണർ പറഞ്ഞു.
ശിപാർശ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടു. പക്ഷെ സംസാരിക്കാനായില്ല. തുടർന്ന് വി.സിയെ വിളിച്ചു. ശിപാർശ സിൻഡിക്കേറ്റ് അംഗങ്ങൾ എതിർത്തെന്ന് വി.സി വ്യക്തമാക്കി.
ഒരു വി.സിയുടെ ഭാഷ ഇങ്ങനെയാണോ എന്ന് ചോദിച്ച ഗവർണർ, രണ്ടു വരി തെറ്റില്ലാതെ എഴുതാൻ അറിയില്ലെന്ന് പറഞ്ഞു. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല. ചാൻസലർ ആവശ്യപ്പെട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാൻസലറെ വി.സി ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാൻ ലജ്ജ തോന്നുന്നുവെന്നും ഗവർണർ പറഞ്ഞു.
ശിപാർശ തള്ളിയോടെ സർക്കാറിന് കത്ത് നൽകി. സർക്കാറിൽ നിന്ന് മൂന്നു മറുപടി കത്ത് ലഭിച്ചു. ശിപാർശ തള്ളിയ തീരുമാനം ഫോണിലൂടെയാണ് വി.സി. അറിയിച്ചത്. ശിപാർശ തള്ളിയ തീരുമാനം എഴുതി തരാൻ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ അഞ്ചിനാണ് വി.സി മറുപടി നൽകിയത്.
മറ്റാരുടെയോ നിർദേശം വി.സി കേൾക്കുന്നതായാണ് തോന്നിയത്. സിൻഡിക്കേറ്റ് വിളിക്കരുതെന്ന് നിർദേശം കിട്ടിയതായി പറഞ്ഞു. ഈ വിഷയത്തിൽ താൻ ഇതുവരെ കടുത്ത നടപടി സ്വീകരിച്ചില്ലെന്നും ഇനി അത് പറ്റില്ലെന്നും ഗവർണർ വ്യക്തമാക്കി.
കണ്ണൂർ വി.സി നിയമനത്തിൽ എ.ജി തെറ്റിദ്ധരിപ്പിച്ചു -ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ അഡ്വക്കറ്റ് ജനറൽ (എ.ജി) തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. വി.സിക്ക് പുനർനിയമനം നൽകിയത് പൂർണമായും ക്രമവിരുദ്ധവും ചട്ട വിരുദ്ധവുമാണ്. പുനർനിയമനം സംബന്ധിച്ച് സർവകലാശാല ആക്ടിലും യു.ജി.സി റെഗുലേഷനിലും വ്യവസ്ഥയുണ്ട്. എന്നാൽ, യു.ജി.സി റെഗുലേഷനായിരിക്കും നിലനിൽക്കുകയെന്ന് സുപ്രീംകോടതി വിധിയുണ്ട്.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കത്തും എ.ജിയുടേതെന്ന് പറഞ്ഞ് നിയമോപദേശകൻ ഹാജരാക്കിയ നിയമോപദേശവും ലഭിച്ചാൽ സർക്കാറിന്റെ തലവനെന്ന നിലയിൽ താൻ അത് പാലിക്കേണ്ടതില്ലേ? ഗവർണർ ചോദിച്ചു. ഞാൻ തന്നെ നിയമിച്ച എ.ജിയിൽനിന്ന് ഉപദേശം ലഭിച്ചാൽ നിരസിക്കണമോ. എ.ജി നിയമിതനാകുന്നത് ഗവർണറുടെ താൽപര്യാർഥമാണ്. ഗവർണർക്ക് ആവശ്യമായിവരുമ്പോഴാണ് നിയമോപദേശം തേടുന്നത്.
കേരളത്തിലേത് യോഗ്യതയില്ലാത്ത പ്രഫസർമാരാണോ?
കാലടി സർവകലാശാല വി.സി നിയമനത്തിന് ഏഴ് അപേക്ഷകരുണ്ടായിരുന്നെങ്കിലും ആറുപേർക്ക് യോഗ്യതയില്ലെന്ന് പറഞ്ഞ് സെർച് കമ്മിറ്റി ഒരു പേര് മാത്രമാണ് നിർദേശിച്ചത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാൻ രാജൻഗുരുക്കളും ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രനും ഉൾപ്പെട്ട സെർച് കമ്മിറ്റി ആറ് സർവകലാശാല പ്രഫസർമാർക്ക് യോഗ്യതയില്ലെന്ന് പറയുമ്പോഴാണ് തെറ്റുകൂടാതെ രണ്ട് വാക്യങ്ങൾ എഴുതാൻ കഴിയാത്ത വൈസ്ചാൻസലർ നമുക്കുള്ളത്. കഴിഞ്ഞ അഞ്ചുവർഷമായി കൗൺസിൽ വൈസ്ചെയർമാൻ ഉറങ്ങുകയായിരുന്നോ? ആറ് പ്രഫസർമാർ യോഗ്യതയില്ലാത്തവരാണെന്ന് പറയുമ്പോൾ കേരളത്തിലെ സർവകലാശാലകളിലുള്ളത് ഏത് തരം പ്രഫസർമാരാണെന്നും ഗവർണർ ചോദിച്ചു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചിന്തിച്ചിട്ടില്ല
ഇന്ത്യയിൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരെങ്കിലും താൽപര്യം പ്രകടിപ്പിക്കുകയോ മുന്നൊരുക്കം നടത്തിയതായോ അറിയില്ലെന്നും താൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ചോദ്യത്തിന് ഉത്തരമായി ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.