ഗവർണർ അഴിപ്പിച്ച ബാനർ വീണ്ടും കെട്ടി എസ്.എഫ്.ഐ; കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നാടകീയ സംഭവങ്ങൾ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ഗവർണർക്കെതിരായി സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്ത് മിനുറ്റുകൾക്കകം വീണ്ടും ബാനർ കെട്ടി എസ്.എഫ്.ഐ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായെത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേടിന് മുകളിൽ കയറിയാണ് ബാനർ സ്ഥാപിച്ചത്. മൂന്ന് ബാനറുകളാണ് എസ്.എഫ്.ഐ സ്ഥാപിച്ചത്. ഗവർണർ അനുകൂല ബാനറുകൾ കത്തിക്കുകയും ചെയ്തു.
ബാനറുകൾ നീക്കാൻ രാവിലെ മുതൽ നിർദേശം നൽകിയിട്ടും നീക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് വൈകുന്നേരം സർവകലാശാല ഗസ്റ്റ്ഹൗസിന് മുൻപിൽ വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലപ്പുറം എസ്.പിയോട് ക്ഷുഭിതനാകുകയും നീക്കം ചെയ്യിക്കുകയുമായിരുന്നു.
മുഖ്യമന്ത്രിക്കെതിരാണെങ്കിൽ ബാനറുകൾ നീക്കില്ലേയെന്ന് എസ്.പിയോട് ചോദിച്ച ഗവർണർ എസ്.എഫ്.ഐ അല്ല സർവകലാശാല ഭരിക്കുന്നതെന്നും പറഞ്ഞു. അതിനിടെ, സർവകലാശാല വൈസ് ചാൻസലറിനോടും ഗവർണർ ക്ഷുഭിതനായി. കൂടാതെ, വിശദീകരണം തേടാനായി വി.സിയെ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ നീക്കം ചെയ്ത ബാനർ കടുത്ത പൊലീസ് കാവലിനിടയിലും എസ്.എഫ്.ഐ പ്രവർത്തകർ സ്ഥാപിച്ചതോടെ ഗവർണർ-എസ്.എഫ്.ഐ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകായാണ്.
ഒരു ബാനർ നീക്കിയാൽ നൂറുബാനറുകൾ വീണ്ടും ഉയരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് ആർഷോയുടെ നേതൃത്വത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടമായെത്തി ബാനർ കെട്ടിയത്.
‘സംഘി ചാൻസലർ വാപ്പസ് ജാവോ’ എന്ന് കറുത്ത തുണിയിൽ എഴുതിയ ബാനറാണ് എസ്.എഫ്.ഐ കാലിക്കറ്റ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നത്. കോഴിക്കോട്ടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സർവകലാശാലയിൽ തിരിച്ചെത്തിയപ്പോഴാണ് ഗവർണർ കാമ്പസിലെ ബാനർ കണ്ടത്. ഇതോടെ ഉടൻ ഇത് നീക്കാൻ ഗവർണർ ഉദ്യോഗസ്ഥരോടും സർവകലാശാല അധികൃതരോടും ആവശ്യപ്പെടുകയായിരുന്നു.
എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ഇന്നലെ രാത്രിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല കാമ്പസിലെത്തിയത്. വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിൽ നിന്നും പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുമായി 500ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സർവകലാശാല കാമ്പസിൽ വിന്യസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.