എന്‍റെ കോലം കത്തിക്കുക മാത്രമല്ലേ ചെയ്തിട്ടുള്ളൂ, കണ്ണൂരിൽ എത്രയോ പേരെ കൊന്ന് കത്തിച്ചിട്ടുണ്ട് -ഗവർണർ
text_fieldsതിരുവനന്തപുരം: കണ്ണൂരിൽ തന്‍റെ കോലം കത്തിച്ച എസ്.എഫ്.ഐക്കെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിൽ അവർ എത്രയോ പേരെ കൊന്നിട്ടുണ്ട്. തന്‍റെ കോലം മാത്രമല്ലേ കത്തിച്ചിട്ടുള്ളൂ. അവർ അവരുടെ സംസ്കാരമാണ് കാണിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
'അവർ അവരുടെ സംസ്കാരമാണ് കാണിക്കുന്നത്. എന്‍റെ കോലം മാത്രമാണ് കത്തിച്ചത്. അവർ എത്രയോ പേരെ കൊന്ന് കത്തിച്ചിട്ടുണ്ട്. എത്രയോ പേരെ കണ്ണൂരിലും മറ്റുമായി കൊന്നിട്ടുണ്ട്. അവർ എന്‍റെ കോലം കത്തിക്കുമ്പോൾ ഞാനെന്ത് പറയാനാണ്. ക്രമസമാധാനം എന്‍റെ ഉത്തരവാദിത്തമല്ല' -ഗവർണർ പറഞ്ഞു.
ഈ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചവരാണ് ഉത്തരവാദികൾ. പ്രതിഷേധിച്ച ആളുകളല്ല ഇത് ആസൂത്രണം ചെയ്തത്. മുഖ്യമന്ത്രി തന്നെയാണ് സമരക്കാരെ പിന്തുണക്കുന്നത്. അവരാണ് സ്പോൺസർ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ ഇത് നടക്കില്ല. അവർ എന്നെ ലക്ഷ്യംവെക്കുകയാണ് -ഗവർണർ പറഞ്ഞു.
പുതുവർഷത്തലേന്ന് കണ്ണൂർ പയ്യാമ്പലം ബീച്ചിലാണ് എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറുടെ കോലം കത്തിച്ചത്. സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സംസ്ഥാന പ്രസിഡന്‍റ് അനുശ്രീ, ജില്ല സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പടെ അഞ്ച് നേതാക്കൾക്കും കണ്ടാലറിയാവുന്ന 20 പ്രവർത്തകർക്കുമെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.
അന്യായമായി സംഘം ചേരൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായാണ് 30 അടി ഉയരത്തിലുള്ള കോലം കത്തിച്ചത്. സംസ്ഥാന പ്രസിഡന്‍റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.