കേരള സെനറ്റ് യോഗത്തിലും പങ്കെടുത്ത് ഗവർണർ
text_fieldsതിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലക്ക് പിന്നാലെ, കേരള സർവകലാശാല സെനറ്റ് യോഗത്തിലും പങ്കെടുത്ത് ചാൻസലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ബജറ്റ് അവതരണത്തിനായി വിളിച്ച സെനറ്റ് യോഗത്തിലാണ് ഗവർണർ പങ്കെടുത്ത് സംസാരിച്ചത്. കേരള സർവകലാശാലയുടെ സെനറ്റ് യോഗത്തിൽ ഗവർണർ പങ്കെടുക്കുന്നത് ആദ്യമായാണ്. മുമ്പ് ഓണററി ഡി.ലിറ്റ് നൽകാൻ ചേരുന്ന പ്രത്യേക സെനറ്റ് യോഗങ്ങളിൽ ഗവർണർമാർ പങ്കെടുത്തിട്ടുണ്ടെങ്കിലും സാധാരണ യോഗത്തിൽ പങ്കെടുത്തിട്ടില്ല.
രാവിലെ 10 മണിയോടെ സർവകലാശാലയിലെത്തിയ ഗവർണറെ വി.സിയും സിൻഡിക്കേറ്റംഗങ്ങളും ചേർന്ന് സ്വീകരിച്ചു. 20 മിനിറ്റോളം അദ്ദേഹം യോഗത്തിൽ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച ചരിത്രമുണ്ടായിട്ടും സംസ്ഥാനത്ത് നിന്ന് കൂട്ടത്തോടെ വിദ്യാർഥികൾ പുറത്തേക്ക് പോകുന്നതിന്റെ കാരണം പരിശോധിക്കണമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഇതിൽ മാറ്റമുണ്ടാക്കാൻ കഴിയണം. തൊഴിൽ അന്വേഷകർക്ക് പകരം വിദ്യാർഥികളെ തൊഴിൽദാതാക്കളാക്കാൻ സർവകലാശാലകൾക്ക് കഴിയണം. കാമ്പസുകളിൽ ലഹരിക്കെതിരെ കാമ്പയിൻ നടത്തണം. മാസത്തിൽ ഒരുദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ദിനമായി ആചരിക്കണമെന്നും ഗവർണർ പറഞ്ഞു. സർവകലാശാലയിൽ പുനഃസംഘടിപ്പിച്ച സെനറ്റ് ഇതുവരെ ചേർന്നിരുന്നില്ലെന്ന് ഗവർണർ ചോദിച്ചറിഞ്ഞപ്പോൾ തുടർച്ചയായി യോഗം ചേരണമെന്ന് അദ്ദേഹം നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.