നടപടിയുമായി ഗവർണർ മുന്നോട്ട്; വി.സിമാർ ഹിയറിങ്ങിന് രാജ്ഭവനിലെത്തണം
text_fieldsതിരുവനന്തപുരം: ഒമ്പത് വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള നടപടികളുമായി ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ട്. ഇതിെൻറ മുന്നോടിയായി നോട്ടീസ് നൽകിയ ഒമ്പത് വി.സിമാരോടും ഇൗ മാസം 12ന് രാജ്ഭവനിൽ ഹിയറിങ്ങിന് ഹാജരാകാൻ രാജ്ഭവൻ കത്തയച്ചു. രാവിലെ 11ന് ഹിയറിങ്ങിനെത്താനാണ് നിർദേശം.
സുപ്രീംകോടതി വിധിയിലൂടെ പുറത്തായ സാേങ്കതിക സർവകലാശാല വി.സി ഡോ.എം.എസ്. രാജശ്രീ, ഹൈകോടതി വിധിയിലൂടെ പുറത്തായ ഫിഷറീസ് സർവകലാശാല വി.സി ഡോ. റിജി ജോൺ എന്നിവർ ഒഴികെയുള്ളവർക്കാണ് കത്ത് നൽകിയത്. ഗവർണറുടെ നടപടിയെ ചോദ്യംചെയ്ത് വി.സിമാർ സമർപ്പിച്ച ഹരജി വെള്ളിയാഴ്ച ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് ഗവർണറുടെ നടപടി. ഹരജി തീർപ്പാക്കുന്നതുവരെ വി.സിമാർക്ക് നേരത്തെ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ ഹൈകോടതി തടഞ്ഞിട്ടുണ്ട്. നോട്ടീസ് ലഭിച്ചവരിൽ കാലാവധി പൂർത്തിയായ മുൻ വി.സിമാർക്ക് പകരം അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്ക് ഹിയറിങ്ങിന് ഹാജരാകാം. കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ, കാലിക്കറ്റ് വി.സി ഡോ.എം.കെ. ജയരാജ്, എം.ജി സർവകലാശാല വി.സി ഡോ. സാബുതോമസ്, കാലാവധി പൂർത്തിയായ കേരള സർവകലാശാല മുൻ വി.സി ഡോ.വി.പി. മഹാദേവൻ പിള്ള, കുസാറ്റ് വി.സി ഡോ.കെ.എൻ. മധുസൂദനൻ, കാലടി സംസ്കൃത സർവകലാശാല വി.സി ഡോ.എം.വി. നാരായണൻ, ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല വി.സി ഡോ.പി.എം. മുബാറക് പാഷ, മലയാളം സർവകലാശാല വി.സി ഡോ.വി. അനിൽകുമാർ എന്നിവരാണ് രാജ്ഭവനിൽ ഹിയറിങ്ങിനെത്തേണ്ടത്.
നിയമനത്തിൽ യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ട് സാേങ്കതിക സർവകലാശാല വി.സി ഡോ. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.