സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച് ഗവർണർ രാഷ്ട്രീയം
text_fieldsതിരുവനന്തപുരം: മുന്നണികളുടെ അതിരുകൾ കടന്ന് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച് ഗവർണർ രാഷ്ട്രീയം. നയപ്രഖ്യാപനത്തിന് ആദ്യം അംഗീകാരം നൽകാതിരിക്കുകയും, മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ വിവാദമാക്കുകയുംചെയ്ത ആരിഫ് മുഹമ്മദ് ഖാൻ, സർക്കാറിന്റെ അനുനയ നീക്കങ്ങൾ തള്ളി നിലപാട് കൂടുതൽ കടുപ്പിച്ചു. പ്രതിപക്ഷത്തേക്കാൾ വീറോടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ, എൽ.ഡി.എഫിൽ എല്ലാം ശാന്തമല്ലെന്ന് വ്യക്തമാക്കി. തന്നെ നിയമസഭയിൽ ആക്ഷേപിച്ച പ്രതിപക്ഷനേതാവിനെ കടന്നാക്രമിച്ചതോടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എതിരെ പോർമുഖം തുറക്കുക എന്ന അപൂർവ 'രാഷ്ട്രീയ നീക്കവും' ആരിഫ് മുഹമ്മദ് ഖാൻ നടത്തി. ഗവർണറെ ചുറ്റിയുള്ള രാഷ്ട്രീയപ്പോരിൽ പക്ഷേ, കാഴ്ചക്കാരന്റെ റോൾ മാത്രമാണ് ബി.ജെ.പിക്ക്.
സി.പി.ഐയുടെ അങ്ങേയറ്റത്തെ പ്രകോപനത്തിൽ പോലും കുലുങ്ങാതെ ഗവർണറുമായുള്ള അനുനയ രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കുകയാണ് സർക്കാറും സി.പി.എമ്മും. വ്യക്തിപരമായ ആക്ഷേപത്തോടുപോലും മുതിർന്നനേതാവ് എ.കെ. ബാലന്റെ മൃദുപ്രതികരണം ഇതാണ് വെളിവാക്കിയത്.
പക്ഷേ, മന്ത്രിമാരുടെ പേഴ്സൽ സ്റ്റാഫുകളുടെ പെൻഷൻ വിഷയത്തിൽ ഫയലുകൾ വിളിപ്പിക്കുമെന്ന ഗവർണറുടെ പ്രകോപനം സർക്കാറിന് വെല്ലുവിളിയായി. ഭരണഘടന 166ാം അനുച്ഛേദം പ്രകാരം ഗവർണറാണ് എക്സിക്യൂട്ടിവിന്റെ തലവൻ. നടപടിക്രമം അനുസരിച്ച് എല്ലാ സർക്കാർ തീരുമാനവും ഗവർണർ അറിയണമെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നു. റൂൾസ് ഓഫ് ബിസിനസിലെ 36 (ബി) പ്രകാരം മന്ത്രിമാരുടെ സ്റ്റാഫിന്റെ പെൻഷൻ സംബന്ധിച്ച നിർദേശം നൽകാൻ ഗവർണർക്ക് സാധിക്കും. പക്ഷേ, മന്ത്രിസഭ മറിച്ച് തീരുമാനിച്ചാൽ രാജ്ഭവന് അംഗീകരിക്കുകയേ മാർഗമുള്ളൂ.
അതിലേക്ക് ഗവർണർ നീങ്ങുമോയെന്നാണ് സി.പി.എമ്മും സർക്കാറും ഉറ്റുനോക്കുന്നത്. ഗവർണറുടെ പരാമർശത്തിന് സി.പി.എം സംസ്ഥാന സമിതിക്ക് ശേഷം കോടിയേരി ബാലകൃഷ്ണൻ മറുപടി പറയുമെന്നാണ് സൂചന. സി.പി.ഐ സമ്മേളനങ്ങളുമായി ബന്ധപ്പെടുത്തിയാണ് കാനത്തിന്റെ വിമർശനത്തെ സി.പി.എം നേതാക്കൾ കാണുന്നത്. അതുകൊണ്ട് അത് ഗൗരവമായി എടുക്കുന്നില്ല.
കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും പ്രതികരണങ്ങൾ കോൺഗ്രസുമായുള്ള ആരിഫ് മുഹമ്മദ് ഖാന്റെ പോര് അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ്. സർക്കാറിന് ഇത് ആശ്വാസവുമാണ്. എന്നാൽ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളോട് യോജിപ്പില്ലാത്ത സംസ്ഥാന ബി.ജെ.പിയാവട്ടെ കളത്തിന് പുറത്തുമാണ്. ഹരി എസ്. കർത്തയുടെ നിയമനം പോലും മാധ്യമ വാർത്തകളിലൂടെയാണ് അവർ അറിഞ്ഞത്. ഗവർണറുടെ വിവാദങ്ങൾ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി മാത്രമാണെന്ന ആക്ഷേപമാണ് അവർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.