ഗവർണറിൽ അടിയുറച്ച്...; സമരത്തിന് എൽ.ഡി.എഫ്; പ്രതിരോധിക്കാൻ ബി.ജെ.പി
text_fieldsതിരുവനന്തപുരം: ഗവര്‍ണര്‍-സർക്കാർ പോര് രൂക്ഷമായി തുടരുന്നതിനിടെ ഗവർണറെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രക്ഷോഭങ്ങൾക്ക് വരുംദിവസങ്ങളിൽ സംസ്ഥാനം സാക്ഷ്യം വഹിക്കും. എതിർത്ത് എൽ.ഡി.എഫും അനുകൂലിച്ച് ബി.ജെ.പിയും രംഗത്തെത്തുകയാണ്. എന്നാൽ ഇപ്പോഴത്തെ വിവാദം ഒത്തുകളിയാണെന്നാണ് കോൺഗ്രസും യു.ഡി.എഫും ഉന്നയിക്കുന്നത്.
ഗവർണർക്കെതിരായ സമരത്തിന്റെ ഭാഗമായി ഗവർണറുടെ നടപടികൾ തുറന്നുകാട്ടി മുഴുവന്‍ വീടുകളിലും പ്രചാരണം നടത്താനാണ് ഇടതുമുന്നണി തീരുമാനം. ഈ മാസം 10 വരെ ജില്ല തലങ്ങളില്‍ 3000 പേരെ വീതം പങ്കെടുപ്പിച്ച് കണ്‍വെന്‍ഷനുകൾ നടത്തും. പത്ത് മുതല്‍ 14 വരെ വീടുകളിൽ ലഘുലേഖ എത്തിക്കും. 10 മുതല്‍ 12 വരെ മുഴുവന്‍ കാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മയുണ്ടാവും. 15നാണ് ഒരുലക്ഷം പേര് പങ്കെടുക്കുന്ന രാജ്ഭവന് ഉപരോധം. ഇന്നും നാളെയും ചേരുന്ന സി.പി.എം സംസ്ഥാന നേതൃയോഗങ്ങളിൽ ഗവർണർക്കെതിരായ നടപടികൾ ചർച്ചയാകും. സി.പി.എം കേന്ദ്ര നേതൃയോഗങ്ങളിൽ ഈ വിഷയത്തിൽ കൈക്കൊണ്ട നിലപാടുകൾ സംസ്ഥാന യോഗത്തിൽ റിപ്പോർട്ട് ചെയ്യും.
അതേസമയം, ഗവർണർക്ക് പിന്തുണയുമായി ബി.ജെ.പി നേതൃത്വം രംഗത്തുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവരുടെ പ്രതികരണങ്ങൾ ഇതിന്റെ ഭാഗമാണ്. ഗവര്‍ണറെ വേട്ടയാടാൻ വിട്ടുകൊടുക്കില്ലെന്നാണ് നിലപാട്. ഗവർണർക്ക് അനൂകൂലമായി പ്രചാരണം നടത്താനും ബി.ജെ.പി ഒരുങ്ങുന്നു. രാജ്ഭവനിലേക്ക് എൽ.ഡി.എഫ് മാർച്ചും ഉപരോധവുമടക്കമുള്ള പ്രതിഷേധം ഉയർത്തുമ്പോൾ സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടെ ഗവർണർ അനുകൂല പ്രകടനങ്ങൾ നടത്താനാണ് ബി.ജെ.പിയും പോഷകസംഘടനകളും ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.