'എല്ലാം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം'; എസ്.എഫ്.ഐക്കാർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരെന്ന് ഗവർണർ
text_fieldsകൊല്ലം: എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയതിനെ തുടർന്നുള്ള നാടകീയ സംഭവങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടക്കുന്നതാണെന്ന് പറഞ്ഞ ഗവർണർ, പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും വിമർശിച്ചു. 17 എസ്.എഫ്.ഐക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്‍റെ എഫ്.ഐ.ആർ പകർപ്പ് ലഭിച്ച ശേഷമാണ് റോഡിൽ ഒന്നരമണിക്കൂർ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്.
മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയകളിൽ ഇതുപോലെയാണോ സുരക്ഷയൊരുക്കുകയെന്ന് ഗവർണർ ചോദിച്ചു. മുഖ്യമന്ത്രിക്ക് ഏത് തരം സുരക്ഷയാണ് നൽകുന്നതെന്ന് നവകേരള സദസ്സിൽ കണ്ടതാണ്. ഇവിടെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് തനിക്കെതിരായ പ്രതിഷേധം. പ്രതിഷേധക്കാരെ സ്ഥലത്തെത്തിക്കുന്നത് പോലും പൊലീസ് വാഹനത്തിലാണ്. പൊലീസിന് മുഖ്യമന്ത്രിയുടെ നിർദേശം അനുസരിക്കേണ്ടിവരികയാണ്.
17 പേർക്കെതിരെ മാത്രമാണ് കേസെടുത്തത്. പ്രതിഷേധക്കാർ 17 പേർ മാത്രമാണെങ്കിൽ പൊലീസിന് തടയാൻ കഴിയേണ്ടതല്ലേ. ദൂരെ നിന്ന് കരിങ്കൊടി കാണിക്കുന്നതിനോട് താൻ എതിരല്ല. തന്‍റെ വാഹനത്തിൽ ഇടിച്ചപ്പോഴാണ് പുറത്തിറങ്ങിയതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധം അവസാനിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൊല്ലം നിലമേലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇന്ന് രാവിലെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. തിരുവനന്തപുരത്ത് നിന്ന് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു ഗവർണർ. പ്രതിഷേധത്തെ തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പൊലീസിന് നേരെ ശകാരവുമായെത്തുകയും കാറിൽ തിരിച്ച് കയറാതെ പ്രതിഷേധിക്കുകയുമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെയും ഗവർണർ നടന്നടുത്തു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി. എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കാതെ തിരിച്ചുപോവില്ലെന്ന് പറഞ്ഞ ഗവർണർ റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചതോടെയാണ് സ്ഥലത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പൊലീസിനോട് ഏറെ ക്ഷുഭിതനായ ഗവർണർ, തനിക്ക് മതിയായ സുരക്ഷയൊരുക്കുന്നില്ലെന്നും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.