ബംഗാളിന്റെ വഴിയേ പോകില്ല; പ്രതിസന്ധി പരിഹാരം മുഖ്യം
text_fieldsതിരുവനന്തപുരം: ഗവർണറോടുള്ള അനുനയ സമീപനത്തിനെതിരെ ഭരണ- പ്രതിപക്ഷത്തുനിന്ന് എതിർപ്പുയരുമ്പോഴും ഏറ്റുമുട്ടലല്ല പ്രതിസന്ധി പരിഹാരമാണ് (ക്രൈസിസ് മാനേജ്മെന്റ്) പ്രധാനമെന്ന നിലപാടിൽ ഉറച്ച് സി.പി.എം. ബംഗാളിന്റെയോ തമിഴ്നാടിന്റെയോ വഴിയല്ല തങ്ങളുടേതെന്ന് നയപ്രഖ്യാപനം അംഗീകരിക്കാത്ത വിവാദത്തിലൂടെ ഒരിക്കൽകൂടി സർക്കാർ അടിവരയിടുകയാണ് ചെയ്തത്. സി.പി.ഐ നിലപാടിൽനിന്ന് ഭിന്നമാണിത്. ഗവർണറുമായുള്ള ഏറ്റുമുട്ടലിലൂടെ ഉണ്ടാവുന്ന ഭരണസ്തംഭനം വഴി കേന്ദ്ര സർക്കാറുമായുള്ള സംഘർഷം ഒഴിവാക്കുകയാണ് സി.പി.എം പ്രധാനമായി കാണുന്നത്. രണ്ടു ദിവസത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും നേതൃത്വം എത്തിച്ചേർന്ന ധാരണയും ഇതാണ്.
രാജ്ഭവന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കരുനീക്കത്തിന്റെ ഭാഗമായാണ് വിവിധ സന്ദർഭങ്ങളിൽ ഗവർണർ സർക്കാറുമായി ഉരസൽ നടത്തുന്നതെന്ന വിലയിരുത്തലിലാണ് സി.പി.എം. എന്നാൽ, ദഹിക്കാൻ പ്രയാസമുള്ള നിരവധി ആവശ്യങ്ങൾ രാജ്ഭവനിൽനിന്ന് എത്തുെന്നന്നതാണ് സർക്കാർ നേരിടുന്ന വെല്ലുവിളി. ഇക്കാര്യം കഴിഞ്ഞദിവസം സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തു.
ബി.ജെ.പി നേതാവിന്റെയും ഫോട്ടോഗ്രാഫറുടെയും നിയമനത്തിനു പിന്നാലെ പി.ആർ.ഒ സ്ഥിരപ്പെടുത്തലും വന്നു. മറ്റു ചില ആവശ്യങ്ങളിലും രാജ്ഭവന്റെ സമ്മർദം സർക്കാറിന് മുന്നിലുണ്ട്. അതു കൈകാര്യം ചെയ്യുന്നതിൽ ഏറ്റുമുട്ടൽ വേണമോയെന്നതാണ് സർക്കാർ നേരിടുന്ന വെല്ലുവിളി. എന്നാൽ, സർക്കാറിനെ പ്രതിസന്ധിയിൽ അകപ്പെടാതെ സംരക്ഷിക്കുകയാണ് പ്രധാനമെന്നാണ് സി.പി.എം നിലപാട്. ഭരണഘടന ബാധ്യതകൾ ലംഘിക്കുന്നതാണ് ഗവർണറുടെ ഭൂരിഭാഗം നടപടികളുമെന്ന് സി.പി.എം നേതൃത്വം സമ്മതിക്കുന്നു.
എന്നാൽ, ബംഗാളിൽ മമത ബാനർജിയും ഗവർണറും തമ്മിലുള്ള പോരിന്റെയോ തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ തീവ്രതയിലോ പോകുന്നത് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ അഭികാമ്യമല്ലെന്ന അഭിപ്രായമാണ് നേതൃത്വത്തിന്. സർക്കാറിന്റെ മുന്നോട്ടുപോക്കിന് പ്രായോഗിക തടസ്സങ്ങൾ സൃഷ്ടിക്കാതെ ഗവർണറുടെ തെറ്റായ നടപടികൾ ചൂണ്ടിക്കാണിച്ചും മറുപടി പറഞ്ഞും പോവുക എന്ന നിലപാട് തുടരാനാണ് ധാരണ. താൽപര്യങ്ങൾക്കായി രാജ്ഭവനെ ഗവർണർ കരുവാക്കുെന്നന്നത് പരസ്യമായ രഹസ്യമായതോടെ കാര്യങ്ങൾ എളുപ്പമായെന്ന വിലയിരുത്തലിലാണ് സർക്കാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.