മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സി.പി.എം; വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും ആവശ്യം
text_fieldsമന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. ഭരണഘടന വിരുദ്ധ പ്രസ്താവനകളിൽ നിന്ന് ഗവർണറെ തടയണം. രാഷ്ട്രീയ പക്ഷപാതം കാണിക്കുന്ന ഗവർണർ തെറ്റായ പ്രവണതയാണ് നടപ്പാക്കുന്നതെന്നും വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും പി.ബി ആവശ്യപ്പെട്ടു. സർക്കാരിന്റെ വീഴ്ചയെ തുടർന്ന് മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്ക് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു.
ഗവർണറുടെ നിലപാടുകളോട് എൽ.ഡി.എഫ് വിധേയപ്പെടില്ലെന്നും അദ്ദേഹം നടപ്പാക്കാൻ ശ്രമിക്കുന്നത് ആർ.എസ്.എസ് നയമാണെന്ന് കരുതുന്നതിൽ തെറ്റില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ അന്തസ് കുറച്ചു കാണിക്കാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രിമാരെ പിൻവലിക്കാൻ മടിക്കില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അടക്കമുള്ളവർ ഗവർണർക്കു നേരെ വിമർശനം ഉന്നയിച്ചിരുന്നു. അതെ തുടർന്നാണ് ഗവർണറുടെ ഭീഷണി. അതേസമയം, ഗവർണറുടെ അന്തസിനെ ബാധിക്കുന്ന രീതിയിൽ പരാമർശം നടത്തിയിട്ടില്ലെന്ന് ബിന്ദു പ്രതികരിച്ചു. സംസാരിച്ചത് സംയമനത്തോടെയാണെന്നും അവർ വ്യക്തമാക്കി.
ഭരണകൂടത്തിന്റെ തലവൻ എന്ന നിലയിൽ ഗവർണറുടെ അനുമതിയോടെയാണ് മന്ത്രിമാരെ നിയമിക്കുന്നത്. എന്നാൽ, ഇത് സാങ്കേതികമായ ഒരു നടപടി മാത്രമാണ്. ഈ നടപടി സൂചിപ്പിച്ചാണ് ഗവർണറുടെ ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.