ഗവർണർ നടപ്പാക്കുന്നത് കേന്ദ്ര സർക്കാറിന്‍റെ താൽപര്യങ്ങൾ -യെച്ചൂരി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‍റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർ ജനാധിപത്യവിരുദ്ധമായ രീതിയിൽ കേന്ദ്ര ഗവർമെന്‍റിന്‍റെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബി.ജെ.പി നീക്കമാണ് ഗവർണർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി രാജ്ഭവന് മുന്നിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‍റെ നിലപാടുകൾക്ക് വിരുദ്ധമായി ഗവർണർ പ്രവർത്തിക്കുന്നത് കേരളത്തിൽ മാത്രമുള്ള സാഹചര്യമല്ല. തമിഴ്നാട്ടിലും ബംഗാളിലും ഇതേ സാഹചര്യമാണ്. നേരത്തെ മഹാരാഷ്ട്രയിലും സമാന സാഹചര്യമായിരുന്നു.
വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽപെട്ട വിഷയമാണ്. അതിൽ എന്ത് നിയമമുണ്ടാക്കണമെങ്കിലും സംസ്ഥാനങ്ങളുമായി ചർച്ച ചെയ്താണ് തീരുമാനിക്കേണ്ടത്. അത് പാർലമെന്‍റ് അംഗീകരിച്ചതാണ്. 30 വർഷവുമായി ആരിഫ് മുഹമ്മദ് ഖാനുമായി ബന്ധമുണ്ട്. വ്യക്തിപരമായല്ല, നയപരമായ വിയോജിപ്പാണ് ഗവർണറുമായുള്ളത്.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും ഉന്നതമായി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ മേഖലയിൽ ഏറെ മുന്നോട്ട് പോയി. അതിൽ നിർണായക പങ്കുവഹിച്ചത് ഇടതുപക്ഷ സർക്കാറാണ്. കേരളത്തിന്‍റെ വിദ്യാഭ്യാസ നേട്ടത്തെ അട്ടിമറിക്കാനാണ് ശ്രമം. യു.ജി.സി നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രീകരണമാണ് നടപ്പാക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.