സിദ്ധാർഥന്റെ ദുരൂഹ മരണം: പ്രതികളുടെ പരീക്ഷയിൽ ഗവർണർ ഇടപെടുന്നു
text_fieldsകൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ വെറ്ററിനറി സർവകലാശാല അവസരമൊരുക്കിയ സംഭവത്തിൽ ചാൻസലർ കൂടിയായ ഗവർണർ ഇടപെടുന്നു. ഹൈകോടതി വിധിയെ തുടർന്നാണ് അവസാനവർഷ വിദ്യാർഥികളായ രണ്ടാം പ്രതി ആർ.എസ്. കാശിനാഥൻ, മൂന്നാംപ്രതി അമീൻ അക്ബർ അലി, നാലാംപ്രതി കെ. അരുൺ, 19ാം പ്രതി നസീഫ് എന്നിവർ മണ്ണുത്തി സർവകലാശാല കാമ്പസിൽ കഴിഞ്ഞ ദിവസം പരീക്ഷയെഴുതിയത്.
കോടതിയിൽ എതിർപ്പ് ഉന്നയിക്കാതെ സർവകലാശാല അധികൃതർ ഇതിന് ഒത്താശ ചെയ്തുവെന്ന് കാണിച്ച് സിദ്ധാർഥന്റെ പിതാവ് ടി. ജയപ്രകാശും മാതാവ് ഷീബയും വെള്ളിയാഴ്ച രാവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. സി.ബി.ഐ കുറ്റപത്രത്തിൽ പ്രതികളായ ഇവർക്ക് 75 ശതമാനം ഹാജരില്ലാതിരുന്നിട്ടും പരീക്ഷയെഴുതാൻ അവസരമൊരുക്കിയത് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾക്കും സർവകലാശാല അക്കാദമിക കൈപുസ്തകത്തിലെ നിർദേശങ്ങൾക്കും വിരുദ്ധമാണ്. ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന തരത്തിൽ കോടതിയിൽ അപ്പീൽ നൽകാതെ പ്രതികൾക്ക് പരീക്ഷയെഴുതാൻ അധികൃതർ സാഹചര്യമൊരുക്കുകയായിരുന്നു.
സർവകലാശാല നടപടികൾ പരിശോധിക്കുമെന്ന് ഗവർണർ അറിയിച്ചു. നടപടിക്കെതിരെ പരാതി നൽകുമെന്നും ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും സിദ്ധാർഥന്റെ പിതാവ് ടി. ജയപ്രകാശ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിന് സർവകലാശാല കോടതിയിൽ ഹരജി നൽകണമെന്നും അടിയന്തര നടപടിയുണ്ടാകാൻ ഗവർണറുടെ ഇടപെടൽ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സർവകലാശാല അടിയന്തരമായി അപ്പീൽ നൽകണമെന്നും കേസിൽ കക്ഷി ചേരാൻ സിദ്ധാർഥന്റെ മാതാപിതാക്കൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി സർവകലാശാല വൈസ് ചാൻസലർക്ക് നിവേദനം നൽകി. ചട്ടപ്രകാരം 75 ശതമാനം ഹാജരില്ലാത്ത വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ വിലക്കുണ്ട്. പ്രതികൾക്ക് 50 ശതമാനത്തിന് താഴെ മാത്രമേ ഹാജറുള്ളൂ. ആൻറി റാഗിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം മൂന്നു വർഷത്തേക്ക് കോളജിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.