തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ ഗവര്‍ണര്‍ ഇടപെടുന്നു
text_fieldsതിരുവനന്തപുരം: കോര്പറേഷന് കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 295 താൽക്കാലിക തസ്തികകളിലേക്ക് സി.പി.എമ്മുകാരെ തിരുകിക്കയറ്റാൻ ജില്ല സെക്രട്ടറിയോട് പട്ടിക ആവശ്യപ്പെട്ട മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടുന്നു. കോര്പറേഷന് നിയമനങ്ങളില്‍ പാര്‍ട്ടി ഇടപെടലിന് വഴിയൊരുക്കിയ ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ 35 കൗണ്‍സിലര്‍മാര്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ കാണും. സംഭവത്തിൽ വിശദ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തേക്കും.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗവും അഴിമതിയും ക്രമക്കേടും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വിജിലന്‍സ് അടക്കമുള്ള അന്വേഷണത്തിനാകും ഗവര്‍ണര്‍ ശിപാര്‍ശ ചെയ്യുക. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കും. തദ്ദേശ മന്ത്രിയോടും തദ്ദേശ വകുപ്പ് സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടാനും സാധ്യതയുണ്ട്.
സര്‍വകലാശാലകളിലെ അനധികൃത നിയമന വിഷയത്തില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കനക്കുന്നതിനിടയിലാണ് കോര്‍പറേഷനിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട വിഷയവും ഗവര്‍ണർക്ക് മുന്നിലെത്തുന്നത്. ജനപ്രതിനിധികള്‍ നല്കുന്ന പരാതി കൂടുതല്‍ ഗൗരവത്തോടെയാകും ഗവര്‍ണര്‍ കൈകാര്യം ചെയ്യുക.
ഡല്‍ഹി സന്ദര്‍ശനത്തിനുശേഷം കേരളത്തിൽ തിരിച്ചെത്തിയ ഗവർണർ തിങ്കളാഴ്ച രാവിലെ 11ഓടെ രാജ്ഭവനിലെത്തും. ഉച്ചക്ക് 12ഓടെ കൗണ്‍സിലര്‍മാര്‍ക്ക് ഗവര്‍ണറെ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഭരണസമിതി പിരിച്ചുവിടാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും മേയറുടെ മൗനം അഴിമതിക്ക് തെളിവാണെന്നും ബി.ജെ.പി നേതാവ് വി.വി. രാജേഷ് പറഞ്ഞു. മേയര്‍ ഒളിച്ചുനടക്കുകയാണ്. സ്വജനപക്ഷപാതം വ്യക്തമാണ്. കോര്പറേഷന് ഭരണം കുത്തഴിഞ്ഞ നിലയിലാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.