‘സംഘി ചാൻസലർ വാപ്പസ് ജാവോ’ -എസ്.എഫ്.ഐ ബാനർ നീക്കണമെന്ന് ഗവർണർ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ തനിക്കെതിരെ എസ്.എഫ്.ഐ ഉയർത്തിയ പ്രതിഷേധ ബാനർ നീക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോഴിക്കോട്ടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സർവകലാശാലയിൽ തിരിച്ചെത്തിയപ്പോഴാണ് ഗവർണർ കാമ്പസിലെ ബാനർ കണ്ടത്. ഇതോടെ ഉടൻ ഇത് നീക്കാൻ ഗവർണർ ഉദ്യോഗസ്ഥരോടും സർവകലാശാല അധികൃതരോടും ആവശ്യപ്പെടുകയായിരുന്നു.
‘സംഘി ചാൻസലർ വാപ്പസ് ജാവോ’ എന്ന് കറുത്ത തുണിയിൽ എഴുതിയായിരുന്നു എസ്.എഫ്.ഐ പ്രദർശിപ്പിച്ചിരുന്നത്.
അതേസമയം, ഗവർണർക്കെതിരെ ഇന്ന് പ്രതിഷേധം ഉണ്ടാകില്ലെന്ന് എസ്.എഫ്.ഐ നേരത്തെ അറിയിച്ചിരുന്നു. ഇന്ന് ഗവർണർക്ക് പൊതുപരിപാടികൾ ഇല്ല. നാളെ വൈകീട്ടാണ് അടുത്ത പൊതുപരിപാടി. അതിനാൽ നാളെ പ്രതിഷേധം കടുപ്പിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.
എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ഇന്നലെ രാത്രിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല കാമ്പസിലെത്തിയത്. വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിൽ നിന്നും പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുമായി 500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സർവകലാശാല കാമ്പസിൽ വിന്യസിച്ചത്. സർവകലാശാല പ്രധാന പ്രവേശന കവാടം, ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചത്.
കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് ഗവർണറുടെ ശ്രമം -മുഖ്യമന്ത്രി
പത്തനംതിട്ട: കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറാണെന്ന കാര്യം പോലും മറക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. പൊതുപ്രവർത്തകനായിരുന്നയാൾക്ക് എങ്ങനെയാണ് പ്രതിഷേധക്കാർക്കെതിരെ മോശം വാക്കുകൾ ഉപയോഗിക്കാൻ സാധിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
താൻ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ പ്രതിഷേധക്കാർ ഓടിപ്പോയി എന്ന് ഗവർണർ വീമ്പിളക്കുന്നു. കാറിൽ നിന്നും അദ്ദേഹം ഇറങ്ങിയപ്പോൾ പ്രതിഷേധക്കാർ പോയില്ലായിരുന്നുവെങ്കിൽ ഗവർണർ എന്ത് ചെയ്യുമായിരുന്നുവെന്നും പിണറായി ചോദിച്ചു. നവകേരള സദസിനിടെ തനിക്കെതിരെ കരിങ്കൊടി ഉയരുമ്പോൾ അവരെയും താൻ കൈവീശി കാണിക്കുകയാണ് ചെയ്യുന്നത്. ഈ പ്രതിഷേധം അതിരുവിടുമ്പോൾ മാത്രമാണ് പൊലീസ് ഇടപെടുന്നത്. താനോ മന്ത്രിമാരോ പ്രതിഷേധക്കാരെ വാഹനത്തിൽ നിന്നിറങ്ങി നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.