കേരളത്തില്‍ ആയിരക്കണക്കിന് അയോഗ്യരായ അഭിഭാഷകർ: റിപ്പോർട്ടിൽ ആശങ്കയെന്ന് ഗവര്‍ണര്‍
text_fieldsതൃശൂര്‍: കേരളത്തില്‍ ആയിരക്കണക്കിന് അയോഗ്യരായ അഭിഭാഷകരുണ്ടെന്ന ഔദ്യോഗിക വൃത് തങ്ങൾ ഉദ്ധരിച്ചുള്ള റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതായി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ നയിച്ച ഒരാളെന്ന നിലയില്‍ സംസ്ഥാനത്തും രാജ്യ ത്തുമൊക്കെ യോഗ്യതയില്ലാത്ത അഭിഭാഷകര്‍ നീതിന്യായ വ്യവസ്ഥിതിയില്‍ ഉണ്ടെന്നത് ഏറെ നിരാശപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂര്‍ ബാര്‍ അസോസിയേഷന് നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. കേരളത്തില്‍ ആയിരക്കണക്കിന് അഭിഭാഷകര്‍ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണെന്ന് കഴിഞ്ഞ വര്‍ഷമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇത് ജുഡീഷ്യറിയുടെ പ്രതിഛായയെ തന്നെ ഇല്ലാതാക്കും. ഇത്തരം തെറ്റായ പ്രവണതകള്‍ പരിഹരിക്കാന്‍ ബാര്‍ അസോസിയേഷനുകള്‍ മുന്നിട്ടിറങ്ങണമെന്ന് ഗവര്‍ണര്‍ നിർദേശിച്ചു.
നിയമജ്ഞരെന്ന നിലയിൽ, ജനങ്ങൾക്ക് നീതി ലഭ്യമാക്കണം. കാരണം നീതി ജനങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പാക്കും. അതുകൊണ്ട് തന്നെ വിശ്വാസ്യത നിലനിര്‍ത്താന്‍ അഭിഭാഷകര്‍ ശ്രദ്ധിക്കണം.
നൂറുകണക്കിന് യുവ അഭിഭാഷകരാണ് എല്ലാ വര്‍ഷവും കടന്നുവരുന്നത്. ഇവര്‍ക്ക് നിയമവ്യവസ്ഥയില്‍ പാലിക്കേണ്ട ശരിയായ പെരുമാറ്റവും പ്രകടനവുമൊക്കെ ബോധ്യപ്പെടാന്‍ കൂടുതല്‍ സമയം ചെലവഴിക്കണം. ലോക് അദാലത്തുകളില്‍ പങ്കുചേരാന്‍ എല്ലാ അഭിഭാഷകരെയും പ്രോത്സാഹിപ്പിക്കാന്‍ ബാര്‍ അസോസിയേഷന് മുന്‍കൈയെടുക്കണം. കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കോടതി അവധി ദിവസങ്ങളുടെ എണ്ണം കുറക്കണമെന്നാണ് തെൻറ അഭിപ്രായം. താന്‍ ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് ഇത്തരം ഒരു തീരുമാനമെടുക്കാന്‍ ശ്രമിച്ചെങ്കിലും അധികം പേരും ഈ തീരുമാനത്തോട് യോജിക്കാത്തതിനാല്‍ നടപടിയെടുക്കാനായില്ല.
എന്നാല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാനും കേസുകള്‍ തീര്‍പ്പാക്കാനും നടപടിയുണ്ടാകണം. ഇന്ത്യന്‍ ജുഡീഷ്യറി വിവര, കമ്യൂണിക്കേഷന്‍ ടെക്നോളജി (ഐ.സി.ടി)യുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ച ഇ-കോര്‍ട്ടുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈകോടതി ജഡ്ജി വി.ചിദംബരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെഷന്‍സ് ജഡ്ജി സോഫി തോമസ്, ബാര്‍ അസോസിയേഷന് പ്രസിഡൻറ് കെ.എം. തോമസ് രാജ്, കെ.ഡി. ബാബു, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് കെ.ബി. മോഹന്‍ദാസ്, എം. രാമന്‍കുട്ടി, ആൻറണി പല്ലിശേരി, എം. ഹരിദാസ്, സി.കെ. കുഞ്ഞിപ്പൊറിഞ്ചു തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.