‘നന്ദി, ഞാനും മത്സ്യം കഴിക്കുന്നയാൾ’ - ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
text_fieldsനിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സ്പീക്കർ എ.എൻ. ഷംസീർ സമീപം
തിരുവനന്തപുരം: മത്സ്യമേഖലയിലെ വികസന പ്രഖ്യാപനങ്ങൾക്ക്് സർക്കാറിന് നന്ദിരേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പ്രസംഗത്തിൽ മത്സ്യമേഖലയിലെ വികസനങ്ങൾ സംബന്ധിച്ച ഭാഗം വന്നപ്പോഴാണ് ‘നന്ദി, ഞാനും മത്സ്യം കഴിക്കുന്നയാളാ’ണെന്ന് ഗവർണർ പറഞ്ഞത്.
അതേ സമയം ഗോവ സ്വദേശിയായ ഗവർണർക്ക് മലയാള വാക്കുകൾ കല്ലുകടിയായി. സ്ഥലപ്പേരുകളിലും പദ്ധതികളുടെ മലയാളത്തിലുള്ള കടുകട്ടി പേരുകളിലും ഗവർണർ വിയർത്തു. നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് ഭാഷാ പരിമിതി പ്രതിസന്ധിയായത്. എന്നാൽ, അക്ഷരങ്ങളുടെ കുരുക്കും വാക്കുകളുടെ കുടുക്കും മറികടന്ന് പേരുകളെല്ലാം പറഞ്ഞ് പൂർത്തിയാക്കിയെന്ന് മാത്രമല്ല, പ്രസംഗത്തിനൊടുവിൽ ഉച്ചാരണത്തിലെ പരിമിതികൾക്ക് ക്ഷമാപണവും നടത്തി.
‘വിഴിഞ്ഞ’മായിരുന്നു ഗവർണറെ കുടുക്കിയ വാക്കുകളിലൊന്ന്. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഒന്നിലധികം തവണ ഈ വാക്ക് നയപ്രഖ്യാപനത്തിൽ കടന്നുകൂടിയിരുന്നു. ആദ്യമെല്ലാം അൽപം കഷ്ടപ്പെട്ടെങ്കിലും പിന്നീട്, ഒരു വിധം ‘വിഴിഞ്ഞം’ വശത്താക്കി. അപ്പോഴാണ് ‘ആലപ്പുഴ’ എത്തുന്നത്. ‘വയോജന കമീഷൻ’, ‘അനുയാത്ര പദ്ധതി’, ‘തന്റേടം’ ‘സംരംഭക സഭ’ ‘ആചാര സ്ഥാനീയർ’ എന്നിവയിലെല്ലാം പരിചിതമല്ലാത്ത വാക്കുകൾ അൽപം തടസ്സം തീർത്തു. ‘സംരംഭക സഭ’ പറയാൻ കിട്ടാഞ്ഞതോടെ സ്പീക്കറുടെ വക സഹായം. ചില വാക്കുകളുടെ ഉച്ചാരണത്തിൽ തെറ്റുപറ്റിയിട്ടുണ്ടാകുമെന്നും ക്ഷമിക്കണമെന്നുമായിരുന്നു ഉപസംഹാരത്തിലെ അദ്ദേഹത്തിന്റെ പരാമർശം.
മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകൾ ചേർത്തുപിടിച്ചും കുശലം പറഞ്ഞും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. മലയാളത്തിൽ ‘നമസ്കാരം’ പറഞ്ഞ് നയപ്രഖ്യാപനം ആരംഭിച്ച ഗവർണർ സർക്കാറിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. ചുമതലയേറ്റ ശേഷം ആദ്യമായി നിയമസഭയിലെത്തിയ ഗവർണർക്ക് നൽകിയത് ഊഷ്മള വരവേൽപ്. നയപ്രഖ്യാപനം വായിക്കാതെയും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുഖംനൽകാതെയും കലുഷിതമായ നയപ്രഖ്യാപനങ്ങളുടെ സമീപകാലനുഭവങ്ങൾക്കിടയിൽ വ്യത്യസ്തമാവുകയായിരുന്നു ഈ ബജറ്റ് സമ്മേളനത്തുടക്കം.
രാവിലെ 8.45നാണ് നയപ്രഖ്യാപനത്തിനായി ഗവർണർ രാജ്ഭവനിൽ നിന്നിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ ഗവർണറെ സ്വീകരിക്കാൻ നിയമസഭക്ക് മുന്നിലുണ്ടായിരുന്നു. 8.50 ഓടെ നിയമസഭ കവാടം കടന്ന് ഗവർണറുടെ വാഹനവ്യൂഹം പോർച്ചിലേക്ക്. വാഹനത്തിൽ നിന്ന് കൈകൂപ്പി പുറത്തേക്കിറങ്ങിയ ഗവർണർക്ക് ആദ്യം പൊലീസിന്റെ വക ഗാർഡ് ഓഫ് ഓണർ. തുടർന്ന് സ്വീകരണം. ആദ്യം കൈ നൽകിയത് മുഖ്യമന്ത്രിക്ക്. പൂച്ചെണ്ട് കൈമാറിയാണ് മുഖ്യമന്ത്രിയുടെ സ്വീകരണം. പിന്നാലെ, മന്ത്രി എം.ബി. രാജേഷിന്റെ വക പൂച്ചെണ്ട്. തോളിൽ പിടിച്ചായിരുന്നു രാജേഷിനുള്ള പ്രത്യഭിവാദ്യം.
നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ വിമർശനവും ഗവർണർ വായിച്ചു. ദേശീയപാതക്കായുള്ള ഭൂമിയേറ്റെടുക്കലിൽ ചെലവ് സംസ്ഥാനത്തിന്റെ പൊതുകടപരിധിൽ ഉൾപ്പെടുത്തിയതിലായിരുന്നു വിമർശനം. ഈ സമീപനം വൻകിട പദ്ധതികളെ പിന്തുണക്കുന്നതിൽ നിന്ന് കേരളത്തെ പിന്തിരിപ്പിക്കുമെന്ന് ഗവർണർ വ്യക്തമാക്കി. 1.56 മണിക്കൂർ നീണ്ടു നയപ്രഖ്യാപന പ്രസംഗം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.