ഗവർണർക്കെതിരായ പ്രമേയത്തെ മന്ത്രി ബാലൻ ശക്തമായി എതിർത്തു -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കാനുള്ള പ്രമേയത്തെ പാർലമെന്‍ററികാര്യ മന്ത്രി എ.കെ ബാലൻ ശക്തമായി എതിർത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ കാര്യോപദേശക സമിതിയിൽ പ്രമേയം സ്വീകരിച്ച സ്പീക്കറുടെ നടപടിയെ മന്ത്രി ബാലൻ ചോദ്യം ചെയ്തെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ചട്ടം 130 അനുസരിച്ച് സ്പീക്കർ പ്രമേയം സ്വീകരിച്ചിട്ടില്ലെന്ന നിയമ മന്ത്രിയുടെ നിലപാട് തെറ്റാണ്. പ്രമേയം നിയമപരമെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്. സഭാ നേതാവിനോട് ആലോചിച്ചോ അല്ലെങ്കിൽ കാര്യോപദേശക സമിതിയിൽവെച്ചോ തീയതി നിശ്ചയിക്കുകയാണ് സ്പീക്കർ ചെയ്യേണ്ടത്. ഗവർണറുടെ ആനുകൂല്യങ്ങൾ പറ്റാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ഗവർണർക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയ കീഴ് വഴക്കമില്ലെന്നാണ് മന്ത്രി ബാലന്‍റെ മറ്റൊരു വാദം. ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ 1969ൽ ബംഗാൾ ഗവർണർക്കെതിരെ പ്രമേയം കേരളാ നിയമസഭ പാസാക്കിയിരുന്നു. ജയലളിത മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ ഗവർണർ ചെന്നറെഡ്ഡി പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടി 1995ൽ രണ്ടു തവണ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്.
ഗവർണർ രാംദുരാലി സിൻഹക്കെതിരെ ഇ.കെ നായനാർ സർക്കാറിന്‍റെ കാലത്ത് ഒ. ഭരതൻ എം.എൽ.എ പ്രമേയം അവതരിപ്പിച്ചിരുന്നു. ചാൻസലർ പദവിയിൽ എടുത്ത തീരുമാനത്തിനെതിരെയായിരുന്നു പ്രമേയം ചർച്ച ചെയ്തത്. അന്നത്തെ സ്പീക്കറായിരുന്ന വർക്കല രാധാകൃഷ്ണൻ ഗവർണറെ പിൻവലിക്കാനുള്ള പ്രമേയം സഭക്ക് പാസാക്കാമെന്ന് വ്യക്തമാക്കിയിരുന്നു.
പിൻവലിക്കൽ പ്രമേയം പാസാക്കിയാൽ ഗവർണറുടെ മഹത്വം കൂടുമെന്നാണ് മന്ത്രി ബാലന്‍ ഉന്നയിച്ച മറ്റൊരു വാദം. കേരളത്തിലെ ഭൂരിപക്ഷ ജനങ്ങളും ഗവർണർക്കെതിരാണ്. ജനങ്ങളുടെ വികാരമാണ് നിയമസഭയിൽ ഉണ്ടാവേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.