സർക്കാർ നോമിനിയെ വൈസ് ചാൻസലറാക്കാനുള്ള ഉപദേശം ഗവർണർ തള്ളി; ചാൻസലർ പദവി മുഖ്യമന്ത്രിക്ക് ഏറ്റെടുക്കാമെന്ന് കത്ത്
text_fieldsതിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സെർച്ച് കമ്മിറ്റിയെ നിർവീര്യമാക്കി സർക്കാർ നോമിനിയെ വൈസ് ചാൻസലറാക്കാനുള്ള ഉപദേശം ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തള്ളി. ഇത്തരം നടപടികൾക്കായി ചാൻസലർ പദവിയിലിരിക്കാൻ താൽപ്പര്യമില്ലെന്നും ചാൻസലർ പദവി മുഖ്യമന്ത്രിക്ക് ഏറ്റെടുക്കാമെന്നും വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്തും നൽകി. ചാൻസലർ പദവി ഗവർണറിൽനിന്ന് മുഖ്യമന്ത്രിക്ക് കൈമാറാൻ സർക്കാർ ഒാർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ടുനൽകാമെന്നും കത്തിൽ വ്യക്തമാക്കി.
ഗവർണറെ ആശ്രയിക്കാതെ സർക്കാറിെൻറ രാഷ്ട്രീയ ലക്ഷ്യങ്ങൾ തടസ്സം കൂടാതെ നടപ്പാക്കാൻ അതാണ് നല്ലത്. ഗവർണർ വഴി സർക്കാറിെൻറ വഴിവിട്ട രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പാക്കാനാകില്ല. കത്തിെൻറ പകർപ്പ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവിനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾക്കും നൽകിയിട്ടുണ്ട്.
സർവകലാശാലകളിൽ സർക്കാറിെൻറ രാഷ്ട്രീയതാൽപര്യം നടപ്പാക്കാൻ ചാൻസലർ സ്ഥാനത്തിരിക്കാൻ താൽപര്യമില്ല. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയ നടപടി പദവിക്ക് ചേരാത്തതായിരുന്നെന്നും സർക്കാറുമായി ഏറ്റുമുട്ടലിന് തയാറല്ലാത്തതിനാലാണ് നിയമനം അംഗീകരിച്ചുനൽകിയതെന്നും കഴിഞ്ഞ എട്ടിന് നൽകിയ കത്തിൽ ഗവർണർ തുറന്നടിച്ചു.
കാലടി സർവകലാശാലയിൽ വി.സി നിയമനത്തിന് മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നെങ്കിലും യോഗം വിളിച്ചില്ല. സെർച്ച് കമ്മിറ്റിക്ക് വി.സി സ്ഥാനത്തേക്ക് പേര് ശിപാർശ ചെയ്യാനായില്ലെങ്കിൽ സർക്കാർ ഉപദേശപ്രകാരം ചാൻസലർക്ക് വി.സിയെ നിയമിക്കാമെന്ന് കാലടി സർവകലാശാല നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതിനായി സെർച്ച് കമ്മിറ്റി നിർവീര്യമാക്കി കാലാവധി കഴിഞ്ഞശേഷം ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രനെ ഗവർണറുടെ അടുത്തേക്ക് അയച്ച സർക്കാർ വി.സി സ്ഥാനത്തേക്ക് ഒരാളുടെ പേര് സമർപ്പിച്ചു.
കണ്ണൂർ സർവകലാശാലയിൽ പദവിക്ക് ചേരാത്ത നടപടിക്ക് കൂട്ടുനിന്നശേഷം കാലടിയിലും ഇത് ആവർത്തിക്കാനാകില്ലെന്ന് ഗവർണർ വ്യക്തമാക്കി. ഇതിന് ശേഷമാണ് രൂക്ഷ ഭാഷയിൽ ഗവർണർ കത്തിലൂടെ തിരിച്ചടിച്ചത്. സർവകലാശാലകളിൽ സർക്കാർ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ രൂക്ഷ വിമർശനവും ഗവർണർ നടത്തിയിട്ടുണ്ട്.
ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് സർക്കാർ സമ്മർദത്തെ തുടർന്ന്
കണ്ണൂർ സർവകലാശാലയിൽ ഡോ. ഗോപിനാഥ് രവീന്ദ്രന് വൈസ് ചാൻസലറായി പുനർനിയമനം നൽകിയത് സർക്കാറിെൻറ സമ്മർദത്തെ തുടർന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ തുറന്നുപറച്ചിൽ. മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുനർനിയമനം നൽകുന്നത് നിയമപരമല്ലെന്ന് സർക്കാർ അയച്ച നിയമോപദേശകനെ ബോധ്യെപ്പടുത്താൻ ശ്രമിച്ചു. താങ്കൾ അയച്ച നിയമോപദേശകനോട് പുനർനിയമനം എന്നത് കാലാവധി നീട്ടിക്കൊടുക്കൽ അല്ലെന്ന് വ്യക്തമാക്കിയിരുന്നെന്ന് കത്തിൽ പറയുന്നു.
എന്നാൽ, അഡ്വക്കറ്റ് ജനറലിെൻറ ഉപദേശപ്രകാരമാണ് പുനർനിയമനം നടത്താൻ സമീപിച്ചതെന്നാണ് നിയമോപദേശകൻ പറഞ്ഞത്. അഡ്വക്കറ്റ് ജനറലിെൻറ ഒപ്പ് പതിക്കാത്ത നിയമോപദേശം ചൂണ്ടിക്കാട്ടിയപ്പോൾ ഉടൻ ഒപ്പും സീലും പതിച്ച ഉപദേശവുമായി എത്തി.
പദവിക്ക് ചേർന്ന കാര്യമല്ല ചെയ്യുന്നതെന്ന് ബോധ്യമായിട്ടും സർക്കാറുമായി ഏറ്റുമുട്ടലിന് താൽപര്യമില്ലാത്തതുകൊണ്ടാണ് പുനർനിയമനത്തിനായി ഒപ്പിട്ടത്. സർവകലാശാല സമിതികളിൽ രാഷ്ട്രീയ നോമിനികളെ വ്യാപകമായി നിയമിക്കുന്നെന്നും ഗവർണർ കുറ്റപ്പെടുത്തുന്നു. അക്കാദമിക് മേഖലയിൽനിന്നുള്ളവർ അല്ലാത്തവരെയും നിയമിക്കുന്നു.
കാലടി സർവകലാശാല വി.സി നിയമനത്തിന് ഒരാളുടെ പേരുമായാണ് സർക്കാർ പ്രതിനിധി എത്തിയത്. യു.ജി.സി െറഗുലേഷൻ പ്രകാരം മൂന്നുപേരുടെ പാനലാണ് നൽകേണ്ടത്. കണ്ണൂർ സർവകലാശാലയിൽ ആക്ട് പ്രകാരം ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനാകില്ല.
ഇത് മറികടക്കാൻ യു.ജി.സി െറഗുലേഷൻ ഉപയോഗിച്ചാണ് അഡ്വക്കറ്റ് ജനറലിെൻറ ഒാഫിസിൽനിന്ന് ഉപദേശം നൽകിയത്. അഡ്വക്കറ്റ് ജനറൽ നേരത്തേ നൽകിയ ഉപദേശത്തിൽ ആക്ടിന് മുകളിലാണ് യു.ജി.സി െറഗുലേഷൻ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിലെ നിയമനത്തിെലടുത്ത നിലപാട് ഇനി ആവർത്തിക്കാനാകില്ലെന്നും ഗവർണർ കത്തിൽ വ്യക്തമാക്കി.
സർവകലാശാലകളിൽ അച്ചടക്കരാഹിത്യം
പല സർവകലാശാലകളിലും അച്ചടക്കരാഹിത്യം നടക്കുന്നെന്നും ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. വൈസ് ചാൻസലർമാർതന്നെ ചാൻസലർക്കെതിരെ നിയമനടപടിക്ക് പോകുന്നു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഗവർണർക്കെതിരെ കോടതിയെ സമീപിച്ചത് കത്തിൽ പരാമർശിച്ചു. സർക്കാർ ആവശ്യപ്പെട്ടിട്ടും ഇത് പിൻവലിക്കാൻ കുറേക്കാലം തയാറായില്ല. എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ സർക്കാർ നടപടിക്ക് തയാറായിെല്ലന്ന് കത്തിൽ ചോദിക്കുന്നു.
ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല വൈസ് ചാൻസലർ ഡോ. മുബാറക് പാഷക്ക് ഒരു വർഷമായിട്ടും ശമ്പളം നൽകിയിട്ടില്ല. വി.സിക്ക് ശമ്പളം നൽകാൻ നിർദേശിച്ച് മൂന്നുതവണ ഗവർണറുടെ ഒാഫിസിൽനിന്ന് സർക്കാറിന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ധിറുതിവെച്ച് ഒാർഡിനൻസിലൂടെ കൊണ്ടുവന്ന സർവകലാശാലയാണിത്. അധ്യാപക നിയമനത്തിന് ഒരു വർഷത്തോളം അനുമതി നൽകിയില്ല.
2022 ജനുവരി 22നകം പുതിയ അധ്യാപകരെ നിയമിച്ച വിവരം യു.ജി.സി ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ പോർട്ടലിൽ അപ്ലോഡ് ചെയ്തില്ലെങ്കിൽ അടുത്തവർഷവും സർവകലാശാലയിൽ കോഴ്സിന് അംഗീകാരം ലഭിക്കില്ല. ഇപ്പോഴാണ് അധ്യാപക നിയമനത്തിന് അനുമതി നൽകിയത്. മൂന്ന് മാസമെടുക്കാതെ അധ്യാപക നിയമനം നടത്താനാകില്ല.
സർവകലാശാല നിലവിൽവന്ന് രണ്ട് വർഷമായിട്ടും കോഴ്സ് നടത്താൻ കഴിയാത്ത സാഹചര്യത്തിലേക്കാണ് പോകുന്നത്. സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണലിലെ നിയമനാധികാരം ഗവർണറിൽനിന്ന് എടുത്തുമാറ്റി നേരത്തേ സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. ഹൈകോടതിയുടെ അഭിപ്രായം തേടണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിരുന്നു.
ഇൗ ബില്ലിൽ ഗവർണർ നേരത്തേ ഒപ്പിടാൻ വിസമ്മതിച്ചിരുന്നു. ഇക്കാര്യവും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ സർവകലാശാല നിയമത്തിൽ മാറ്റം വരുത്തി ചാൻസലർ പദവി ഗവർണറിൽനിന്ന് മാറ്റി മുഖ്യമന്ത്രിതന്നെ എടുത്തോളൂ. അധികാരം കൈമാറുന്നത് സംബന്ധിച്ച നിയമപരമായ രേഖകൾ അഡ്വക്കറ്റ് ജനറലിനോട് തയാറാക്കാൻ പറയാവുന്നതാണ്. അേദ്ദഹത്തിന് ഇത് തയാറാക്കാൻ ബുദ്ധിമുട്ടുണ്ടാകിെല്ലന്ന് കത്തിൽ പരിഹസിക്കുകയും ചെയ്യുന്നു.
അനുനയത്തിന് സർക്കാർ
സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ കത്ത് നൽകിയതിനെ തുടർന്ന് അനുനയ നീക്കവുമായി സർക്കാർ. മന്ത്രി കെ.എൻ. ബാലഗോപാലും ചീഫ് സെക്രട്ടറി വി.പി. ജോയിയും നേരിട്ട് രാജ്ഭവനിലെത്തിയെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ ആവർത്തിച്ചു.
കഴിഞ്ഞ എട്ടിനാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഗവർണറെ മറികടക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കത്തിന് ചീഫ് സെക്രട്ടറി മറുപടി നൽകി. എന്നാൽ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഗവർണർ വീണ്ടും സർക്കാറിന് കത്ത് നൽകി. തുടർന്ന് ചീഫ് സെക്രട്ടറി വി.പി. ജോയിയും ഉന്നത വിദ്യാഭ്യാസ അഡീഷനൽ ചീഫ് സെക്രട്ടറി വി. വേണുവും വെള്ളിയാഴ്ച രാജ്ഭവനിലെത്തി ഗവർണറെ കണ്ടു.
പിന്നാലെ മന്ത്രി കെ.എൻ. ബാലഗോപാലും രാജ്ഭവനിലെത്തിയെങ്കിലും കത്ത് പിൻവലിക്കാനോ നിലപാടിൽ മാറ്റംവരുത്താനോ ഗവർണർ തയാറായില്ല. പിന്നാലെ ഗവർണർ ഡൽഹിക്ക് പോവുകയും ചെയ്തു. മുഖ്യമന്ത്രി പാർട്ടി സമ്മേളനത്തിൽ പെങ്കടുക്കാൻ കണ്ണൂരിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.