മലയാളത്തിൽ യാത്ര പറഞ്ഞ് ഗവര്‍ണര്‍; തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും
text_fieldsതിരുവനന്തപുരം: സംഭവബഹുലമായ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽനിന്ന് മടങ്ങി. തലസ്ഥാനത്തുണ്ടായിട്ടും അവസാന ദിനത്തിലും അനിഷ്ടം സൂചിപ്പിച്ച് മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലെത്താൻ തയാറായില്ല. അതേസമയം സർക്കാർ പ്രതിനിധികളായി ചീഫ് സെക്രട്ടറിയും കലക്ടറും രാജ്ഭവനിലെത്തി. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ പേട്ടയിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ ഗവർണർക്ക് ടാറ്റാ നൽകി.
സർക്കാറിനെ വിമർശിക്കാൻ ഏതറ്റംവരെയും പോകുന്ന ആരിഫ് മുഹമ്മദ് ഖാൻ തീര്‍ത്തും സൗമ്യനായിട്ടായിരുന്നു ഇന്നലെ പ്രതികരിച്ചത്. മടങ്ങുംമുമ്പ് രാജ്ഭവനിൽ ഗവർണർക്ക് ഗാർഡ് ഓഫ് ഓണർ ഉണ്ടായിരുന്നു. കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തിൽ പ്രത്യേകസ്ഥാനം ഉണ്ടാകുമെന്നും തന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മലയാളത്തിൽ പ്രതികരിച്ചു. സർവകലാശാല വിഷയത്തിൽ ഒഴികെ സർക്കാറുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലായിരുന്നു തന്റെ എതിർപ്പ്. ജസ്റ്റിസ് സദാശിവവുമായി തന്നെ താരതമ്യപ്പെടുത്തേണ്ടതില്ല. രണ്ട് പ്രവർത്തന ശൈലിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയയപ്പിനെ എത്താത്തതിനെക്കുറിച്ചും ഗവര്‍ണര്‍ മറുപടി നൽകി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണമായതിനാലാണ് ഔദ്യോഗിക യാത്രയയപ്പ് ഇല്ലാത്തതെന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്നാൽ, അനൗപചാരികമായി മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താത്തതിനെക്കുറിച്ച് ഈ സമയത്ത് ഒന്നും പറയുന്നില്ലെന്നും നല്ല വാക്കുകള്‍ പറഞ്ഞ് യാത്രയാവുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബിഹാർ ഗവർണർ പദവിയാണ് ആരിഫ് മുഹമ്മദ് ഖാനുള്ള അടുത്ത ചുമതല. പി. സദാശിവം ഗവർണർ സ്ഥാനമൊഴിഞ്ഞപ്പോൾ വലിയ യാത്രയയപ്പാണ് സംസ്ഥാന സര്‍ക്കാര്‍ നൽകിയത്. മൻമോഹൻ സിങ്ങിന്റെ മരണത്തെ തുടർന്നുള്ള ദുഃഖാചരണം മൂലം ആരിഫ് മുഹമ്മദ് ഖാന് ഔദ്യോഗിക യാത്രയയപ്പ് നടത്താനാകില്ലെന്നാണ് സർക്കാർ വിശദീകരണം. ഗവർണർ-സർക്കാർ പോര് മൂലം 13 സർവകലാശാലകളിൽ സ്ഥിരം വി.സിമാരില്ല. പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും. ഇദ്ദേഹം പുതുവത്സരദിനത്തിൽ കേരളത്തിലെത്തും. അർലേക്കറും ആരിഫ് മുഹമ്മദ് ഖാന്റെ പാത പിന്തുടരുമോ എന്നാണ് ഇനിയുള്ള ആകാംക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.