തനിക്കെതിരായ പ്രതിഷേധങ്ങളില്‍ എസ്.എഫ്.ഐ-പി.എഫ്.ഐ കൂട്ടുകെട്ടുണ്ടെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ എസ്.എഫ്.ഐ-പി.എഫ്.ഐ കൂട്ടുകെട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
എസ്.എഫ്.ഐ ഒറ്റക്കല്ല സമരം നടത്തുന്നത്. ഇതുസംബന്ധിച്ച് റിപ്പോർട്ട് കഴിഞ്ഞ ദിവസം കിട്ടി. നിലമേലിൽ അറസ്റ്റ് ചെയ്തവരിൽ ഏഴുപേർ പി.എഫ്.ഐ പ്രവർത്തകരാണ്. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ച് സര്‍ക്കാര്‍ തന്നെ നേരിടുകയാണ്. നിരോധിത സംഘടനയിലെ ആളുകള്‍ക്ക് പിന്തുണയും ആശ്രയവും ഒരുക്കുക മാത്രമല്ല, ക്രമസമാധാന നില തകർക്കാൻ അവരെ ഉപകരണമാക്കുകയുമാണ്. സംസ്ഥാനത്ത് എസ്.എഫ്.ഐ- പി.എഫ്.ഐ സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗവർണർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി നാടകക്കമ്പനി തുടങ്ങുകയാണ് നല്ലതെന്ന് കഴിഞ്ഞ ദിവസം ഗവർണർ പരിഹസിച്ചിരുന്നു. ഗവർണർ സർക്കസ് കമ്പനി തുടങ്ങുന്നതാണ് ഏറ്റവും നല്ലതെന്ന് മന്ത്രി വി. ശിവൻകുട്ടി തിരിച്ചടിച്ചിരുന്നു.
മന്ത്രി ബിന്ദുവിനെതിരെ തുറന്നടിച്ച് ഗവർണർ; നിയമവിരുദ്ധം, മിനിമം മര്യാദ കാട്ടിയില്ല
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റില്‍ പ്രോ വൈസ് ചാന്‍സലറായ മന്ത്രി ആര്‍. ബിന്ദു പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ചും തുറന്നടിച്ചും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മിനിമം മര്യാദ പോലും ഉന്നത വിദ്യാഭ്യാസ മന്ത്രി കാണിച്ചില്ല. യോഗം വിളിക്കാന്‍ താന്‍ ചുമതലപ്പെടുത്തിയത് വി.സിയെ ആണ്. മന്ത്രിയെ യോഗത്തിന്റെ അധ്യക്ഷയാകാന്‍ നിയോഗിച്ചിട്ടില്ല.
ചാൻസലറുടെ നിയമപരമായ അധികാരത്തിൽ കൈകടത്താനോ തടസ്സപ്പെടുത്താനോ പ്രോ ചാൻസലറായ മന്ത്രിക്ക് ഒരധികാരവുമില്ല. അവർ ചെയ്തതതെല്ലാം നിയമവിരുദ്ധമാണ്. സുപ്രീംകോടതി വിധി ഉന്നത വിദ്യാഭ്യാസ മന്ത്രി ലംഘിക്കുകയാണ്. സർവകലാശാല നടപടികളിൽ പ്രോ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. കോടതിയോട് അവര്‍ക്ക് ബഹുമാനമില്ല. കോടതി വിധിക്ക് പുല്ലുവിലയാണ് മന്ത്രി നൽകിയത്. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ഗവർണർ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേരള സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാൻ വെള്ളിയാഴ്ച ചേർന്ന പ്രത്യേക സെനറ്റ് യോഗത്തിൽ മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചിരുന്നു. പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണപക്ഷം അവതരിപ്പിച്ച പ്രമേയം 64 അംഗങ്ങൾ പിന്തുണച്ചതോടെ പാസായതായി മന്ത്രി പ്രഖ്യാപിച്ചത് വലിയ ബഹളത്തിനും നാടകീയ സംഭവങ്ങൾക്കും ഇടയാക്കിയിരുന്നു.
സർവകലാശാല നിയമഭേദഗതി ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാലും സെർച് കമ്മിറ്റി രൂപവത്കരണം സംബന്ധിച്ച് യു.ജി.സി റെഗുലേഷനും സർവകലാശാല നിയമവും തമ്മിൽ വൈരുധ്യമുള്ളതിനാലും മാറ്റിവെക്കണമെന്നായിരുന്നു പ്രമേയം.
നിലമേലിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നാടകീയ സംഭവങ്ങൾക്ക് ശേഷം ആദ്യമായാണ് ഗവർണർ തലസ്ഥാനത്തേക്കെത്തുന്നത്. നേരത്തെ കൊച്ചിയിലെയടക്കം ചടങ്ങുകളിൽ എത്തിയിരുന്നെങ്കിലും രാജ്ഭവനിൽ വരാതെ ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു.
കേന്ദ്രസേനയുടെ സുരക്ഷയിലാണ് ഗവർണറെങ്കിലും പ്രതിഷേധത്തിൽനിന്ന് എസ്.എഫ്.ഐ പിൻമാറിയിട്ടില്ല. തലസ്ഥാനത്തെത്തിയ ഗവർണറെ എ.കെ.ജി സെന്‍ററിന് സമീപം എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കേരള സർവകലാശാല സെനറ്റിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വി.സി ഡോ.മോഹൻ കുന്നുമ്മൽ ഞായറാഴ്ച ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.