കെ.കെ. രാഗേഷിന്റെ ഭാര്യക്ക് കണ്ണൂർ വാഴ്സിറ്റിയിൽ നിയമനം: ഗവർണർ വിശദീകരണം തേടി
text_fieldsതിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരം യോഗ്യതയില്ലാതെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ ചാൻസലറായ ഗവർണർ വൈസ് ചാൻസലറിൽനിന്ന് അടിയന്തര വിശദീകരണം തേടി.
തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ ഡോ. പ്രിയ വർഗീസിന്, കഴിഞ്ഞ നവംബറിൽ വി.സി ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് ഇൻറർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്ന് മാറ്റിവെച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞമാസം ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പാരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനർനിയമനം നൽകിയതെന്ന് ആക്ഷേപവും ഉയർന്നിരുന്നു.
യു.ജി.സി റെഗുലേഷന് വിരുദ്ധമായി പ്രിയ വർഗീസിന് നിയമനം നൽകാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ഗവേഷണത്തിന് ചെലവിട്ട മൂന്നുവർഷം നേരിട്ടുള്ള നിയമനങ്ങൾക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന യു.ജി.സി വ്യവസ്ഥ നിലനിൽക്കെ ഇക്കാലയളവുകൂടി പരിഗണിച്ചാണ് പ്രിയ വർഗീസിനെ ഇൻറർവ്യൂവിൽ പങ്കെടുപ്പിച്ചത്.
25 വർഷത്തെ അധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ്.ബി കോളജിലെ ഡോ. ജോസഫ് സ്കറിയയെയും മലയാളം സർവകലാശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് മൂന്ന് വർഷത്തെ അധ്യാപന പരിചയം മാത്രമുള്ള കെ.കെ. രാഗേഷിന്റെ ഭാര്യയെ അസോസിയേറ്റ് പ്രഫസറായി നിയമിക്കാൻ ഒന്നാംറാങ്ക് നൽകിയത്.
ഒന്നരലക്ഷത്തോളം രൂപയാണ് അസോസിയേറ്റ് പ്രഫസറുടെ ശമ്പളം. നേരത്തേ കണ്ണൂർ സർവകലാശാലയിൽ അസി. പ്രഫസർ നിയമനത്തിന് ശ്രമിച്ചിരുന്നെങ്കിലും പ്രായക്കൂടുതൽ കാരണം തടസ്സം നേരിട്ടു. തുടർന്നാണ് തിരക്കിട്ട് അസോസിയേറ്റ് പ്രഫസർ നിയമനത്തിന് വിജ്ഞാപനം ഇറക്കിയതും ഇൻറർവ്യൂ നടത്തി ഒന്നാം റാങ്ക് നൽകിയതും.
കേരളവർമ കോളജിൽ മൂന്ന് വർഷത്തെ മാത്രം സേവനമുള്ള പ്രിയ വർഗീസ് രണ്ട് വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻറ്സ് സർവിസസ് ഡയറക്ടറായി ജോലി ചെയ്തതും മൂന്ന് വർഷം കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രഫസറായി ജോലി ചെയ്തതും അധ്യാപന പരിചയമായി കണക്കിലെടുത്തത് ക്രമവിരുദ്ധമാണെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.