അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചു
text_fieldsതിരുവനന്തപുരം: സർക്കാറുമായി പോര് തുടരവെ, നിയമസഭ പാസാക്കിയതിൽ അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചു. സർവകലാശാല ഭേദഗതി, ലോകായുക്ത ഭേദഗതി എന്നിവ ഒപ്പിടില്ലെന്ന സൂചന ഗവർണർ നേരത്തേ തന്നെ നൽകിയിരുന്നു. ബാക്കി നാല് ബില്ലുകളിൽ കൂടുതൽ പരിശോധന നടത്തിയാകും തുടർനടപടി.
മാരിടൈം ബോർഡ് ഭേദഗതി, തദ്ദേശ സ്വയംഭരണ പൊതുസർവിസ്, പി.എസ്.സി ഭേദഗതി, ജ്വല്ലറി വർക്കേഴ്സ് ക്ഷേമ ബോർഡ് ഭേദഗതി, ധന ഉത്തരവാദിത്ത ഭേദഗതി ബിൽ എന്നിവയിലാണ് ഗവർണർ ഒപ്പിട്ടത്. കാര്യമായ വിവാദമില്ലാത്ത ബില്ലുകളാണിവ. ബുധനാഴ്ച ഡൽഹിക്കുപോയ ഗവർണർ ഗുവാഹതി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പരിപാടികൾക്കുശേഷം ഒക്ടോബർ മൂന്നിനേ കേരളത്തിൽ തിരിച്ചെത്തൂ. യാത്രക്കുമുമ്പാണ് അഞ്ച് ബില്ലുകൾ അംഗീകരിച്ചത്.
സർക്കാറുമായുള്ള പോരാട്ടം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകുമ്പോഴും ഭരണപരമായ വിഷയങ്ങളിൽ സഹകരിക്കുകയാണെന്ന് വ്യക്തമാക്കാൻ കൂടിയാണ് അഞ്ച് ബില്ലുകൾ ഗവർണർ അംഗീകരിച്ചതെന്ന് പറയുന്നു. സർക്കാറിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വരുത്തുകയാണ് ലക്ഷ്യം.അതേസമയം നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാത്ത വിഷയത്തിൽ സർക്കാർ നിയമപരമായ പരിശോധന തുടങ്ങി.
നിയമ വകുപ്പ് ഭരണഘടന വിദഗ്ധരുമായി ആശയ വിനിമയം നടത്തിവരികയാണ്. ഗവർണർക്ക് അനിശ്ചിതമായി തീരുമാനം നീട്ടാനാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. ബില്ലുകൾ ഗവർണർ മടക്കി അയച്ചാൽ നിയമസഭക്ക് വീണ്ടും പാസാക്കാം. അതോടെ, ബിൽ അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാകും. കേന്ദ്രവുമായി ബന്ധപ്പെട്ടതടക്കം വിഷയങ്ങൾ വരുന്നത് രാഷ്ട്രപതിക്ക് അയക്കാനാകും. നിയമവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാറിന്റെ തുടർനീക്കങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.