ലോകായുക്ത ബില്ലിൽ ഗവർണർ ഒപ്പിട്ടു; വിജ്ഞാപനം ഉടൻ
text_fieldsതിരുവനന്തപുരം: രാഷ്ട്രപതിയുടെ അനുമതി ലഭിച്ച ലോകായുക്ത നിയമഭേദഗതി ബില്ല് ഒപ്പിട്ട് ഗവർണർ സർക്കാറിന് കൈമാറി. ഇതുസംബന്ധിച്ച ഫയൽ രാജ്ഭവനിൽനിന്ന് ആഭ്യന്തര വകുപ്പിലേക്ക് കൈമാറി. ഇനി നിയമഭേദഗതിയുടെ വിജ്ഞാപനം തയാറാക്കി സമർപ്പിക്കുകയും ഗവർണർ ഒപ്പിടുകയും ചെയ്യുന്നതോടെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി പ്രാബല്യത്തിൽ വരികയും ചെയ്യും.
അഴിമതിക്കേസിൽ കുറ്റം തെളിഞ്ഞതായി ലോകായുക്ത കണ്ടെത്തിയാൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കേണ്ടിവരുമെന്ന വകുപ്പാണ് ബില്ലിലൂടെ ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത ഉത്തരവിട്ടാൽ നിയമസഭയാണ് അപ്പീൽ അതോറിറ്റി.
നിയമസഭയിൽ ഭൂരിപക്ഷം ഉപയോഗിച്ച് ഉത്തരവ് തള്ളാനാവുകയും രാജി ഒഴിവാക്കാനുമാകും. മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരെ സ്പീക്കറുമാണ് അപ്പീൽ അതോറിറ്റി.
നേരത്തെ ബന്ധു നിയമന കേസിൽ ലോകായുക്ത വിധി എതിരായതോടെ കെ.ടി. ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. നിയമഭേദഗതി വരുന്നതോടെ അപ്പീൽ അതോറിറ്റിക്ക് വിധി തള്ളാനും അഴിമതിക്കാരെ രക്ഷിച്ചെടുക്കാനും കഴിയും. 2022 സെപ്റ്റംബർ ഏഴിനാണ് ലോകയുക്ത നിയമഭേദഗതി ബില്ല് നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചത്. ഒരുവർഷത്തിലേറെ തടഞ്ഞുവെച്ച ശേഷം 2023 നവംബർ 28നാണ് ബില്ല് രാഷ്ട്രപതിയുടെ പരിഗണനക്കായി റഫർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.