കെ-റെയില്‍ പദ്ധതിയെ നയപ്രഖ്യാപനത്തില്‍ പിന്തുണച്ച് ഗവര്‍ണര്‍
text_fieldsതിരുവനന്തപുരം: വിവാദമായ കെ-റെയില്‍ പദ്ധതിയെ നയപ്രഖ്യാപനത്തില്‍ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെ-റെയില്‍ പദ്ധതി പരിസ്ഥിതി സൗഹൃദമാണെന്നും കേന്ദ്രം ഉടന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു. വേഗതയുള്ള സൗകര്യപ്രദമമായ യാത്രാസൗകര്യത്തിനാണ് കെ-റെയിൽ. പദ്ധതി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിനെതിരായ വിമർശനവും ഗവർണർ വായിച്ചു. കോവിഡ് മൂലം നികുതി വരുമാനം കുറഞ്ഞു. ഇതിനൊപ്പം കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്. ആറ് വർഷത്തിനിടെ സംസ്ഥാനത്ത് വ്യവസായ നിക്ഷേപം കൂടി. ചെറുകിട വ്യവസായ മേഖലയില്‍ മൂന്ന് ലക്ഷം തൊഴിലവസരമുണ്ടാക്കാനായി കൃഷിശ്രീ ഗ്രൂപ്പുകളുണ്ടാക്കും. യുവാക്കള്‍, സ്ത്രീകള്‍, പ്രവാസികള്‍ എന്നിവരുടെ പങ്കാളിത്തം കൃഷി ശ്രീ ഗ്രൂപ്പുകളിലുണ്ടാകും.
പതിനാലാം പഞ്ചവത്സര പദ്ധതിക്ക് 2022 മെയില്‍ രൂപം നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം പത്ത് ശതമാനം വളർച്ചാ നിരക്ക് നേടും. 20 ലക്ഷം പേർക്ക് തൊഴില്‍ എന്ന പ്രഖ്യാപനം നടപ്പാക്കും. കേന്ദ്രത്തിന്‍റെ ധനക്കമ്മി ആറ് ശതമാനമായി ഉയർത്തുന്നു. സംസ്ഥാനങ്ങളുടേത് മൂന്ന് ശതമാനമായി നിജപ്പെടുത്തുന്നു. ഇത് സംസ്ഥാനങ്ങളോടുള്ള വിവേചനമാണെന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.