ഗവർണർ ഇന്ന് തൊടുപുഴയിലേക്ക്; ഇടുക്കിയിലെ എൽ.ഡി.എഫ് രാജ്ഭവനിലേക്ക്
text_fieldsതൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ‘കാരുണ്യം’ പദ്ധതിയുടെ ഉദ്ഘാടനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൊവ്വാഴ്ച തൊടുപുഴയിൽ എത്തുന്ന സാഹചര്യത്തിൽ ഇടുക്കി മുൾമുനയിൽ. ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടണമെന്ന ആവശ്യവുമായി രാജ്ഭവനിലേക്ക് എൽ.ഡി.എഫ് ജില്ല നേതാക്കളുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്ന ദിവസംതന്നെയാണ് ഗവർണർ ഇടുക്കിയിലേക്ക് എത്തുന്നത്.
ഭൂനിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെയാണ് ഹർത്താലെന്നാണ് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. ഹർത്താൽ സമാധാനപരമായിരിക്കുമെന്നും തൊടുപുഴയിലെത്തുന്ന ഗവർണറെ തടയില്ലെന്നുമാണ് എൽ.ഡി.എഫ് നേതാക്കൾ അറിയിച്ചത്. ഗവർണറെ ഇടുക്കിയിലേക്ക് ക്ഷണിച്ച വ്യാപാരികളുടെ നടപടി ശരിയല്ലെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തുമ്പോൾ, പരിപാടി നേരത്തേതന്നെ നിശ്ചയിച്ചിരുന്നതാണെന്നാണ് വ്യാപാരി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ഗവർണറും സർക്കാറും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് ഒമ്പതിന് ഇടുക്കിയിലെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്ഭവൻ മാർച്ചെന്നാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. ഗവർണറുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ സമരം പ്രഖ്യാപിച്ചതറിഞ്ഞ് ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് അതേ ദിവസംതന്നെ ഇടുക്കിയിലേക്ക് എത്തുന്നതെന്നാണ് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസിന്റെ പ്രതികരണം.
വ്യപാരികളുടെ പരിപാടിയിൽ പങ്കെടുക്കാൻ പരമാവധി പ്രവർത്തകരെ തൊടുപുഴയിൽ എത്തിക്കുമെന്നും പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പിള്ളിലും വ്യക്തമാക്കി. പാൽ, പത്രം, ആശുപത്രികൾ, രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ, വിവാഹ യാത്രകൾ, മരണാനന്തര ചടങ്ങുകൾ, ശബരിമല ഉൾപ്പെടെ തീർഥാടക വാഹനങ്ങൾ എന്നിവരെ ഹർത്താലിൽനിന്ന് പൂർണമായി ഒഴിവാക്കിയതായി എൽ.ഡി.എഫ് അറിയിച്ചു. ഗവർണർ എത്തുന്ന ദിവസം ഹർത്താലടക്കം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചതായി തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവേൽ പോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.