ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുന്നു- രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമാന്തര സർക്കാരാകാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജുഡീഷ്യറിക്കും മേലെയാണ് താൻ എന്നാണ് ഗവർണറുടെ ഭാവം. ഗവർണറുടെ അധികാരത്തെ കുറിച്ച് രാജ്യത്ത് കോടതിയുത്തരവുകൾ നിലവിലുണ്ട്. ഇല്ലാത്ത അധികാരം വകവെച്ചുകൊടുക്കുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവർണർ ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവെക്കുകയാണ്. ബില്ലുകളിൽ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ഭരണഘടന പറയുന്നത്. ഭരണഘടന ബോധമുള്ളവർ ബില്ലുകളിൽ ഒപ്പിടാതെ വൈകിപ്പിക്കില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
നിയമനിർമാണ സഭക്കുമേൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്നും പ്രീതി തീരുമാനിക്കാൻ മന്ത്രിസഭയും നിയമസഭയും ഉണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ രംഗം ഒരു ശക്തിക്കും തകർക്കാനാകില്ല. ചാൻസലർ സ്ഥാനത്തിരുന്നു ഗവർണർ സർവകലാശാലകളെ അപമാനിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യു.ഡി.എഫിന്റെ കാലത്തെ പോലെ സ്കൂൾ ടീച്ചറെ വി.സിയാകാൻ ഇടതുപക്ഷം ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.