സർവാഭരണ വിഭൂഷിതയായ നവവധുവിന്‍റെ ചിത്രം പരസ്യങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ജ്വല്ലറികളോട് ഗവർണർ
text_fieldsകൊച്ചി: പൊന്നിൽ കുളിച്ച് നിൽക്കുന്ന നവവധുവിന്‍റെ പരസ്യങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ജ്വല്ലറികളോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വധു ആയാൽ സ്വർണംകൂടിയേ തീരുവെന്ന തെറ്റായ ചിന്ത വളർത്താൻ ഇത്തരം ചിത്രങ്ങൾ പ്രേരകമാകുമെന്നും ഗവർണർ കൊച്ചിയിൽ പറഞ്ഞു. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സ്വർണാഭരണങ്ങൾ അണിഞ്ഞ് നിൽക്കുന്ന നവവധുവിന്റെ ചിത്രം ജ്വല്ലറികളുടെ പരസ്യങ്ങളിൽ വ്യാപകമാണ്. ഇത് ഒഴിവാക്കിക്കൂടേ- ഗവർണർ ചോദിച്ചു. പകരം കുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്താം. വധു ആയാൽ സ്വർണംകൂടിയേ തീരുവെന്ന തെറ്റായ ചിന്ത വളർത്താൻ ഇത്തരം ചിത്രങ്ങൾ ഇടവരുത്തും.
സ്ത്രീധനം എന്നത് ഒരു ദുരാചാരവും സാമൂഹിക പ്രശ്നവും ആയി മാറി കൊണ്ടിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കേണ്ടത് ക്യാമ്പസുകളിൽ നിന്ന് തന്നെയാണെന്നും ഗവർണർ പറഞ്ഞു. സ്ത്രീധനം കൊടുക്കയോ വാങ്ങുകയോ ഇല്ലെന്ന സത്യവാങ്മൂലം സമർപ്പിച്ച ശേഷമാണ് വിദ്യാർഥികൾ ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
കുഫോസിലെ ബിരുദധാരികൾ ഒപ്പിട്ട് നൽകിയ സ്ത്രീധന വിരുദ്ധ പ്രസ്താവന കുഫോസ് വി.സി ഡോ. റിജി ജോൺ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര യോഗ്യത നേടിയ 386 വിദ്യാര്‍ഥികള്‍ക്കാണ് ഗവര്‍ണര്‍ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചത്. കേരളത്തിലെ സർവകലാശാലകളിൽ ആദ്യമായാണ് ഇത്തരത്തിൽ വിദ്യാർഥികൾ സത്യവാങ്മൂലം നൽകിയതെന്നും മറ്റുള്ളവർ ഇതുമാതൃകയാക്കണമെന്നും ഗവർണർ പറഞ്ഞു.
കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്മയ മരിച്ചതിനെ തുടർന്നാണ് വിദ്യാർഥികളിൽ നിന്ന് സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം വാങ്ങമെന്ന നിർദേശം ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ടു വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.