ഗവർണർ-വാഴ്സിറ്റി പോര് നിയമപോരാട്ടത്തിലേക്ക്
text_fieldsതിരുവനന്തപുരം: ഗവർണർ-കേരള സർവകലാശാല പോരിന് പുതിയ മാനം. കേരള സർവകലാശാലയിലെ 15 സെനറ്റംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ കഴിഞ്ഞദിവസം ഗെസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനെ സർവകലാശാലക്ക് അംഗീകരിക്കേണ്ടിവന്നു. എന്നാൽ, ഗവർണറുടെ നടപടിയെ ചോദ്യംചെയ്ത് സെനറ്റംഗങ്ങൾ കോടതിയെ സമീപിക്കുന്നതോടെ വിഷയത്തിന് പുതിയമാനം കൈവരികയാണ്. നിയമപോരാട്ടത്തിലേക്ക് ഇനി വിഷയം മാറുക.
സെനറ്റംഗങ്ങളെ നീക്കംചെയ്ത് ഗവർണർ ഗെസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ ആ അറിയിപ്പ് രണ്ട് സിൻഡിക്കേറ്റംഗങ്ങൾ ഉൾപ്പെടെ 15 പേർക്കും സർവകലാശാല രജിസ്ട്രാർ കൈമാറിയതോടെ ഗവർണറുടെ നടപടി സർവകലാശാല അംഗീകരിച്ചെന്ന് വേണം അനുമാനിക്കാൻ. ഇതോടെ നവംബർ നാലിന് ചേരുന്ന സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കാൻ ഇവർക്ക് നേരത്തെ അയച്ച ക്ഷണക്കത്ത് പിൻവലിച്ചതായി കണക്കാക്കപ്പെടും. അതിനിടെ തന്റെ നിർദേശം അംഗീകരിക്കാത്ത കേരള വൈസ് ചാൻസലർക്കെതിരെ നടപടി സ്വീകരിക്കുന്നതും ഗവർണറുടെ പരിഗണനയിലുണ്ടെന്നാണ് വിവരം.
സർക്കാറിനെതിരെ പരസ്യയുദ്ധത്തിലുള്ള ഗവർണർ ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ പിൻവലിച്ചത്. ഇതിലൂടെ തനിക്ക് അധികാരമുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകകൂടി ഗവർണർ ലക്ഷ്യമിടുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ വാർത്തസമ്മേളനത്തിൽ ഗവർണർക്ക് ഇത്തരത്തിലുള്ള അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഗവർണറുടെ നടപടിക്കെതിരെ മന്ത്രിമാരും രംഗത്തെത്തി.
ഇനി വിമർശിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഭീഷണിയായിരുന്നു ഗവർണറുടെ മറുപടി. ഇതിനുപിന്നാലയാണ് ഇല്ലാത്ത അധികാരമുണ്ടെന്ന് ഭാവിച്ച് ജനമധ്യത്തിൽ പരിഹാസ്യനാകരുതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചത്. സെനറ്റംഗങ്ങളെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. എന്നാൽ, അസാധാരണ ഉത്തരവ് പുറത്തിറക്കി താൻ അയയില്ലെന്ന സൂചനയാണ് ഗവർണർ നൽകിയത്. ഇനി ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
ഗവർണർക്കെതിരെ പ്രമേയം
കോട്ടയം: കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ ഗവർണർക്കെതിരെ പ്രമേയം. സംസ്ഥാന സർക്കാറിന്റെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റം ഗവർണർ അവസാനിപ്പിക്കണമെന്നാണ് പ്രമേയം. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സർക്കാറിനോട് നിരന്തരമായി ഏറ്റുമുട്ടുകയും ഭരണകാര്യങ്ങളിൽ അനുചിതമായി ഇടപെടുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ തയാറാകാത്തത് ദുരുദ്ദേശ്യപരമാണ്. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ നീക്കി ഉത്തരവ് പുറപ്പെടുവിച്ച ഗവർണറുടെ നടപടിയിൽ സമ്മേളനം പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.