ആശ്വാസ വാക്കുമായി ഗവർണർ; വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്നു
text_fieldsവയനാട്: വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സന്ദർശനം തുടങ്ങി. രാവിലെ പടമലയിൽ ബേലൂർ മഗ്ന എന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷിന്റെ വീട് സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഗവർണർ അവിടെ 15 മിനിട്ട് ചെലവഴിച്ചു.
കൂടാതെ, പാക്കത്ത് കൊല്ലപ്പെട്ട കുറുവ ദ്വീപിലെ താൽകാലിക ജീവനക്കാരൻ വെള്ളച്ചാൽ പോളിന്റെ വീടും കടുവയുടെ ആക്രമണത്തിൽ വാകേരിയിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും മൂന്നാഴ്ച മുമ്പ് കാട്ടാന ആക്രമണത്തിൽ ഗുരുതരായി പരിക്കേറ്റ കിടപ്പിലായ 16കാരന്‍റെ വീടും ഗവർണർ സന്ദർശിക്കുന്നുണ്ട്.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ജീവനും സ്വത്തിനും ഭീഷണിയാവുന്ന സാഹചര്യം നിലനിൽക്കെ വനം മന്ത്രിയോ മുഖ്യമന്ത്രിയോ വയനാട്ടിൽ എത്തിയില്ലെന്ന വിമർശനം ശക്തമാണ്. ഇതിനിടെയാണ് സർക്കാറിനെതിരെ പോർമുഖം തുറന്ന് മുന്നോട്ടു പോകുന്ന ഗവർണർ എത്തുന്നത്. ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കർശന സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവെച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ കോൺഗ്രസ് നേതാവും സ്ഥലം എം.പിയുമായ രാഹുൽ ഗാന്ധി ഇന്നലെ വയനാട്ടിലെത്തിയത്. പടമലയിൽ വേലൂർ മഗ്നയെന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷിന്റെ വീടും പാക്കത്ത് കൊല്ലപ്പെട്ട കുറുവ ദ്വീപിലെ താൽകാലിക ജീവനക്കാരൻ വെള്ളച്ചാൽ പോളിന്റെ വീടും കടുവയുടെ ആക്രമണത്തിൽ വാകേരിയിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും രാഹുൽ സന്ദർശിച്ചു.
ഗൃഹസന്ദർശനങ്ങൾ കഴിഞ്ഞ് കൽപറ്റയിലെത്തിയ രാഹുൽ ഗാന്ധി തോൽപ്പെട്ടി, പുളിഞ്ഞാൽ എന്നിവിടങ്ങളിൽ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിൽക്കണ്ട് സംസാരിച്ചു. തുടർന്ന് വന്യമൃഗ ആക്രമണങ്ങളെ കുറിച്ചുള്ള യോഗത്തിലും രാഹുൽ ഗാന്ധി സംബന്ധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.