നിയമസഭ സമ്മേളനം വിളിച്ചത് സ്വാഗതം ചെയ്ത് ഗവർണർ
text_fieldsതിരുവനന്തപുരം: ഓർഡിനൻസുകൾ തുടരെ പുതുക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസുകൾ നിശ്ചിത സമയത്തിനുള്ളിൽ നിയമസഭയിൽ വെക്കേണ്ടതുണ്ട്. സുപ്രീംകോടതി വിധി പരിശോധിച്ചാണ് ഇക്കാര്യത്തിൽ താൻ നിലപാടെടുത്തത്. ഏറെ ഓർഡിനൻസുകൾ ഒരുമിച്ച് വന്നതുകൊണ്ടാണ് അതിൽ ഒപ്പിടാതിരുന്നത്. ഓർഡിനൻസുകൾക്കെതിരെ ഉയർന്ന വിമർശനങ്ങളും ഒപ്പിടാതിരുന്നതിന് കാരണമാണ്. ഇപ്പോൾ ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയമസഭ വിളിച്ചുചേർക്കാനുള്ള സർക്കാർ തീരുമാനം നല്ലതാണെന്നും താനതിനെ സ്വാഗതം ചെയ്യുന്നെന്നും ഗവർണർ പറഞ്ഞു.
ഇനി ഈ ഓർഡിനൻസുകൾ നിയമസഭയുടെ മേശപ്പുറത്ത് വരും. അതാണ് ശരിയായ കാര്യം. കണ്ണൂർ സർവകലാശാലയിൽനിന്ന് ഒട്ടേറെ പരാതികളാണ് ഉയർന്നത്. കണ്ണൂർ സർവകലാശാലയിൽ ചട്ടലംഘനങ്ങൾ പതിവായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനത്തിൽ കണ്ണൂർ സർവകലാശാല ചട്ടങ്ങൾ ലംഘിച്ചു. സർവകലാശാലയെ നശിപ്പിക്കാൻ ചിലർ ചേർന്ന് ശ്രമിക്കുന്നു. അത് അനുവദിക്കില്ല. സർവകലാശാലയിലെ പ്രശ്നങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ ഉചിതമായ നടപടിയെടുക്കും. സ്വാതന്ത്ര്യദിനത്തിന് തിരുവനന്തപുരത്തെ വിവിധ ആദിവാസി ഊരുകളിൽ താൻ പോകുമെന്നും ഗവർണർ പറഞ്ഞു.
ഗവർണർ ഒപ്പിടാത്തതിനെതുടർന്ന് ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകൾ തിങ്കളാഴ്ച അസാധുവായിരുന്നു. ഗവർണർ സംസ്ഥാനത്ത് ഇല്ലാതിരുന്ന സമയത്തായിരുന്നു ഇത്. ശേഷം വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോഴാണ് ഓർഡിനൻസുകൾ നിയമമാക്കാൻ നിയമസഭ സമ്മേളനം വിളിക്കാനുള്ള സർക്കാർ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.