വി.സി നിയമന സെർച് കമ്മിറ്റി: പ്രതിനിധിയെ നൽകേണ്ടെന്ന് കേരളക്ക് നിയമോപദേശം
text_fieldsമറ്റ് സർവകലാശാലകളും സമാനപാതയിൽ, സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള പ്രത്യേക സെനറ്റ് യോഗം നിയമോപദേശത്തിന്റെ ബലത്തിൽ ചേരാതിരിക്കാനാണ് എട്ട് സർവകലാശാലകളുടെയും നീക്കം
തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ തേടിയുള്ള ചാൻസലറായ ഗവർണറുടെ കത്തിനെ നിയമോപദേശം ആയുധമാക്കി പ്രതിരോധിക്കാൻ സർവകലാശാലകൾ. പ്രതിനിധിയെ നൽകേണ്ടതില്ലെന്ന് കേരള സർവകലാശാലക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. സമാന വഴി തേടാനാണ് മറ്റ് ഏഴ് സർവകലാശാലകളുടെയും തീരുമാനം.
ഗവർണറുടെ കത്ത് ലഭിച്ചതിനെ തുടർന്ന് തുടർനടപടികൾക്ക് കേരള വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാർ പ്രഫ. അനിൽ കുമാറിന് നിർദേശം നൽകിയിരുന്നു. വി.സി നിയമനത്തിൽ കോടതികളിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമോപദേശം ആവശ്യമാണെന്ന് രജിസ്ട്രാർ ഫയലിൽ രേഖപ്പെടുത്തി. തുടർന്നാണ് സർവകലാശാല സ്റ്റാൻഡിങ് കോൺസൽ അഡ്വ. തോമസ് എബ്രഹാമിൽനിന്ന് നിയമോപദേശം തേടിയത്.
വി.സി നിയമനം സംബന്ധിച്ച് പ്രഫ. മേരി ജോർജ് ഫയൽ ചെയ്ത ഹരജി, കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹരജി, നിയമസഭ പാസാക്കിയ സർവകലാശാല നിയമഭേദഗതികൾ ഉൾപ്പെടെയുള്ള ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് സംബന്ധിച്ച് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹരജി തുടങ്ങിയവയിൽ തീരുമാനമാകുന്നതുവരെ സെർച് കമ്മിറ്റി പ്രതിനിധിയെ നൽകേണ്ടതില്ലെന്നാണ് നിയമോപദേശം.
സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള പ്രത്യേക സെനറ്റ് യോഗം നിയമോപദേശത്തിന്റെ ബലത്തിൽ ചേരാതിരിക്കാനാണ് എട്ട് സർവകലാശാലകളുടെയും നീക്കം. നിയമോപദേശം സിൻഡിക്കേറ്റിന്റെ പരിഗണനക്ക് സമർപ്പിച്ച് തീരുമാനമെടുക്കാനാണ് കേരള സർവകലാശാല നീക്കം. അതുവരെ ഗവർണർക്ക് സർവകലാശാല മറുപടി നൽകുകയുമില്ല.
നിലവിൽ എട്ട് സർവകലാശാലകളുടെയും ഭരണസമിതികളിൽ സർക്കാറിന് നിയന്ത്രണമുള്ളതിനാൽ സെർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകുന്നത് തടയാൻ കഴിയും. കേരള സർവകലാശാലയിൽ പ്രത്യേക സെനറ്റ് ചേർന്നെങ്കിലും ക്വോറം തികയാതിരിക്കാൻ ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നു. വിട്ടുനിന്നതിന്റെ പേരിൽ ഗവർണർ നാമനിർദേശം ചെയ്ത 15 പേരുടെ അംഗത്വം പിൻവലിച്ചെങ്കിലും ഇവർ കോടതിയെ സമീപിച്ച് പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.