വീണ്ടും മാധ്യമ വിലക്ക്; ഗവർണർ മീഡിയവണിനെയും കൈരളിയെയും വിളിച്ചു വരുത്തി, ഇറക്കിവിട്ടു
text_fieldsകൊച്ചി: വിളിച്ചുവരുത്തിയ ശേഷം മീഡിയവൺ, കൈരളി ചാനലുകളെ വാർത്തസമ്മേളനത്തിൽനിന്ന് പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ ഇ-മെയിൽവഴി ചാനലുകൾക്ക് അനുമതിയും സമയവും നിശ്ചയിച്ച് നൽകിയ ശേഷമാണ് ഗവർണറുടെ നടപടി. ഗവർണറെ വിമർശിക്കുന്നുവെന്ന പേരിൽ മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് വാർത്തസമ്മേളനത്തിൽനിന്ന് വിലക്കുന്നത് ഇത് രണ്ടാം തവണയാണ്. ഗവർണറുടെ നടപടിയിൽ ഭരണ-പ്രതിപക്ഷ പാർട്ടികളും പത്രപ്രവർത്തക യൂനിയനും പ്രതിഷേധിച്ചു. വിലക്കിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ടി.വി വാര്‍ത്തസമ്മേളനം ബഹിഷ്കരിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ രാജ്ഭവനിലേക്ക് പോകും വഴി കൊച്ചിയിൽ ഗവർണർ മാധ്യമങ്ങളെ കാണുമെന്നും താൽപര്യമുള്ള മാധ്യമങ്ങൾ ഇ-മെയിൽ അയക്കണമെന്നും ഞായറാഴ്ച രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മീഡിയവണും കൈരളിയുമടക്കമുള്ള മാധ്യമങ്ങൾ അനുമതി തേടിയത്. വൈകീട്ട് 6.39ന് അയച്ച ഇ-മെയിലിന് രാത്രി 9.59ന് 'നോട്ടഡ്' എന്ന മറുപടി നൽകി. 8.50ഓടെ ഗവർണർ പുറപ്പെടുമെന്നും 8.30ന് മുമ്പ് എത്തണമെന്നും തിങ്കളാഴ്ച രാവിലെ 7.57ന് മീഡിയവണിന് ഇ-മെയിലിൽ അറിയിപ്പും നൽകി.
മീഡിയവണിന്‍റെയും കൈരളിയുടെയും മാധ്യമപ്രവർത്തകയടക്കമുള്ള പ്രതിനിധികൾ എറണാകുളം ഗെസ്റ്റ് ഹൗസിലെത്തിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇരുമാധ്യമങ്ങളുടെയും പേരെടുത്ത് വിളിക്കുകയും ആക്രോശിച്ചുകൊണ്ട് അവരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടത്. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന വിളിച്ചുപറഞ്ഞ അദ്ദേഹം, കൈരളിയെയും മീഡിയവണിനെയും വാർത്തസമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു.
വിളിച്ചിട്ടാണ് വന്നതെന്ന് മാധ്യമപ്രവർത്തകർ വിശദീകരിച്ചിട്ടും 'ഗെറ്റ് ഔട്ട് ഫ്രം ഹിയർ' എന്ന് പലകുറി ആവർത്തിച്ച അദ്ദേഹം, നിങ്ങളെന്നോട് തർക്കിക്കരുതെന്ന് മാധ്യമപ്രവർത്തകരോട് കയർത്തു. ഇരുചാനലും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
അവാസ്ത കാര്യങ്ങൾ ഉന്നയിച്ച് കൈരളിയും മീഡിയവണും തനിക്കെതിരെ കാമ്പയിൻ നടത്തുകയാണെന്നും അതുകൊണ്ട് അവരോട് എന്തുവന്നാലും സംസാരിക്കിെല്ലന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഗവർണർ തെറ്റായ നിലപാട് തിരുത്തണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യ.ജെ) ആവശ്യപ്പെട്ടു. സംഭവത്തിൽ കെ.യു.ഡബ്ല്യ.ജെയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ സംസ്ഥാനത്ത് പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.