ഭരണഘടന ഉത്തരവാദിത്തത്തിന്മേൽ ഇറങ്ങിക്കളിച്ച് ഗവർണർ; അനുനയ രാഷ്ട്രീയത്തിൽ കാര്യം നേടി സർക്കാർ
text_fieldsതിരുവനന്തപുരം: ഭരണഘടന ഉത്തരവാദിത്തം പറഞ്ഞ് വീണ്ടും ഗവർണർ ഇറങ്ങിക്കളിച്ചതോടെ സർക്കാർ മുട്ടിൽനിന്നത് മണിക്കൂറുകൾ.
നിയമസഭ സമ്മേളനത്തിന് തുടക്കംകുറിച്ച് സർക്കാറിനുവേണ്ടി നയപ്രഖ്യാപന പ്രസംഗം നിർവഹിക്കേണ്ടത് ഭരണഘടനപ്രകാരം ഗവർണറുടെ ബാധ്യതയാണ്. അതുപോലും സ്വന്തം താൽപര്യത്തിനായി വിലപേശിയ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സർക്കാറിന് കുരുതി കഴിക്കേണ്ടിവന്നു.
ബുധനാഴ്ച നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലേക്ക് ക്ഷണിക്കാൻ രാജ്ഭവനിലെത്തിയ സ്പീക്കർ എം.ബി. രാജേഷിനും ഗവർണർ പ്രതിഷേധത്തിന്റെ സൂചന നൽകിയില്ല. എന്നാൽ, നയപ്രഖ്യാപന പ്രസംഗം പ്രിന്റ് ചെയ്യുന്നതിന്റെ ഭാഗമായ അന്വേഷണത്തിലാണ് വ്യാഴാഴ്ച സർക്കാറിന് രാജ്ഭവന്റെ എതിർപ്പ് മണത്തത്. മുഖ്യമന്ത്രിക്ക് മുന്നിലും വിഷയമെത്തി. ഇതോടെ, സർക്കാറും സി.പി.എമ്മും ഉണർന്നു. ഗവർണർക്കെതിരായ രോഷം നേതാക്കൾ പ്രകടിപ്പിച്ചു. ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമടക്കം സ്വീകരിച്ചത്. നിയമസഭ സമ്മേളനം മാറ്റിവെക്കുന്ന നിലയിലേക്ക് കാര്യങ്ങൾ പോകാതെയും ഗവർണറും കേന്ദ്രവുമായുള്ള ബന്ധം കൂടുതൽ വഷളാകാതെയും പ്രശ്നം പരിഹരിക്കാനായിരുന്നു നേതൃതലത്തിലെ ധാരണ.
സർക്കാറുമായുള്ള ഗവർണറുടെ ഏറ്റുമുട്ടൽ ആദ്യമല്ല. കർഷക നിയമം ചർച്ച ചെയ്യാൻ സഭ വിളിക്കാനുള്ള ശിപാർശ ആദ്യം തള്ളിയ ഗവർണർ പിന്നീടാണ് തയാറായത്. സർവകലാശാല നിയമന വിവാദത്തിൽ ഗവർണറും സർക്കാറും തമ്മിലെ ഏറ്റുമുട്ടൽ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു. ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം അനുവദിക്കാതിരുന്ന സർക്കാറും മുഖ്യമന്ത്രിയും അനുനയം എന്ന രാഷ്ട്രീയ നയചാതുര്യമാണ് ഇത്തവണയും പ്രയോഗിച്ചത്.
രാജ്ഭവന് നീരസമുണ്ടാക്കിയ കത്തിന് കാരണക്കാരനായ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ നീക്കി ഗവർണറുടെ നെഞ്ചിലെ കല്ല് സർക്കാർ ഇറക്കിവെച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയെന്ന ആശ്വാസം ഗവർണർക്കും രാജ്ഭവനിലെ രാഷ്ട്രീയ നിയമനത്തിലെ വിയോജിപ്പ് പ്രകടിപ്പിച്ച കത്ത് പിൻവലിക്കാത്തതിനാൽ രാഷ്ട്രീയ നിലപാട് ഇപ്പോഴും നിലനിൽക്കുന്നെന്ന ആശ്വാസം സർക്കാറിനും ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.