ലോകായുക്ത നിയമഭേദഗതിയിൽ തീരുമാനമെടുക്കാതെ ഗവർണർ
text_fieldsതിരുവനന്തപുരം: ലോകായുക്ത വിവാദ നിയമഭേദഗതിയിൽ സര്‍ക്കാര്‍ വിശദീകരണം നല്‍കിയെങ്കിലും തീരുമാനമെടുക്കാതെ ഗവർണർ. ഗവർണര്‍ ഒപ്പിട്ടാല്‍ മാത്രമേ ഭേദഗതി ഓർഡിനൻസ് നിലവിൽവരൂ. എന്നാൽ ഇന്നലെയും രാജ്ഭവനിൽ ഉണ്ടായിരുന്നിട്ടും ഭേദഗതി നിർദേശങ്ങൾ അംഗീകരിക്കാനോ സർക്കാറിലേക്ക് തിരിച്ചയക്കാനോ ഗവർണർ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സംസ്ഥാനത്ത് മടങ്ങിയെത്തിയശേഷം തീരുമാനമെടുക്കാനാണ് ഗവർണർ ഒരുങ്ങുന്നതെന്ന് കരുതുന്നു.
ആറിന് മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷം ചേരുന്ന ബുധനാഴ്ചത്തെ മന്ത്രിസഭായോഗം നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. അതിന് മുമ്പ് ഭേദഗതി ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകുന്നില്ലെങ്കിൽ നടപ്പാവില്ല. അത്തരം സാഹചര്യം ഉണ്ടായാൽ ഭേദഗതികൾ നിയമസഭയിൽ ബില്ലായി കൊണ്ടുവരാൻ സർക്കാറിന് സാധിക്കും. പക്ഷേ, ഭേദഗതിയോട് സി.പി.ഐ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച് മുന്നണിയിൽ സമവായം ആവശ്യമായി വരും.
സമവായമില്ലാതെ ബില്ലുമായി മുന്നോട്ടുപോയാൽ ഭരണപക്ഷത്ത് അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം. അതേസമയം, ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകിയാൽ നിയമപരമായി നേരിടാനാണ് പ്രതിപക്ഷം ഒരുങ്ങിയിട്ടുള്ളത്. നിയമസഭയിൽ ബിൽ അവതരിപ്പിച്ച് ലോകായുക്ത നിയമഭേദഗതി നടപ്പാക്കിയാലും നിയമ പോരാട്ടമായിരിക്കും പ്രതിപക്ഷം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.