ഗവർണർ വൈസ്രോയിയെപ്പോലെ പെരുമാറുന്നുവെന്ന് കാരാട്ട്; സ്വന്തം അധികാരം സംബന്ധിച്ച് വ്യക്തതയില്ലാത്തയാളാണ് ഗവർണറെന്ന് കാനം
text_fieldsകൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. ഗവർണർ വൈസ്രോയിയെപ്പോലെയാണ് പെരുമാറുന്നതെന്ന് കാരാട്ട് പറഞ്ഞപ്പോൾ സ്വന്തം അധികാരം സംബന്ധിച്ച് വ്യക്തതയില്ലാത്തയാളാണ് അദ്ദേഹമെന്ന് കാനവും കൂട്ടിച്ചേർത്തു.
സി.പി.എം സംസ്ഥാന സമ്മേളന ഭാഗമായി 'ഭരണഘടന: ഫെഡറലിസം, മതനിരപേക്ഷത, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി' വിഷയത്തിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ബി.ജെ.പി നിയമിച്ച മഹാരാഷ്ട്ര, ബംഗാൾ ഗവർണർമാരും ഇത്തരത്തിൽ തന്നെയാണ് പെരുമാറുന്നതെന്ന് കാരാട്ട് വിവരിച്ചു.
ഭരണഘടനയുടെ 356ാം വകുപ്പ് ഉപയോഗിച്ച് സ്വതന്ത്ര ഇന്ത്യയിൽ ആദ്യം പിരിച്ചുവിട്ടത് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറിനെയാണെന്ന് കാനം ചൂണ്ടിക്കാട്ടി. അതേ വകുപ്പ് പിന്നീട് ജവഹർലാൽ നെഹ്റു എട്ട് പ്രാവശ്യവും ഇന്ദിരഗാന്ധി 50 പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കാൻ ഉപയോഗിച്ചു. വ്യക്തമായ ഭൂരിപക്ഷമില്ലാതെ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന സർക്കാറുകളേ സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളെ മാനിച്ചിട്ടുള്ളൂ. മോദി സർക്കാർ അധികാരത്തിൽ വന്ന് ഏഴര വർഷത്തിനുള്ളിൽ അഞ്ച് തവണ ഗവർണർമാരെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളുടെ ഭരണം മാറ്റിമറിച്ചു. കോർപറേറ്റുകൾക്ക് മുൻതൂക്കവും ജനങ്ങൾ പാർശ്വവത്കരിക്കപ്പെടുന്നതുമായ ഭരണമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.