കെ.ടി.യു വി.സിയുടെ ചുമതല: ഗവർണറുടെ നടപടി നിയമക്കുരുക്കിലേക്ക്
text_fieldsതിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ സർക്കാർ ശിപാർശ തള്ളി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയന്റ് ഡയറക്ടർ ഡോ. സിസ തോമസിന് വൈസ് ചാൻസലറുടെ ചുമതല നൽകിയ ചാന്സലറായ ഗവർണറുടെ നടപടി നിയമക്കുരുക്കിലേക്ക്. നിയമസഭ പാസാക്കിയ സാങ്കേതിക സർവകലാശാല നിയമത്തിന് വിരുദ്ധമാണ് ഗവർണറുടെ നടപടിയെന്ന് വിലയിരുത്തിയ സർക്കാർ, വിഷയത്തിൽ നിയമപരമായ പരിശോധന തുടങ്ങി. ഇതുസംബന്ധിച്ച് അഡ്വക്കറ്റ് ജനറലിൽനിന്ന് ഉൾപ്പെടെ നിയമോപദേശം തേടി. ഗവർണറുടെ നടപടി കോടതിയിൽ ചോദ്യംചെയ്യാനാണ് സാധ്യത.
സാങ്കേതിക സർവകലാശാല നിയമപ്രകാരം വി.സി പദവിയിൽ ഒഴിവുവന്നാൽ സർക്കാർ ശിപാർശപ്രകാരം മറ്റേതെങ്കിലും സർവകലാശാല വി.സിയെയോ അതേ സർവകലാശാലയുടെ പി.വി.സിയെയോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയെയോ ആറ് മാസത്തിൽ കവിയാത്ത കാലയളവിലേക്ക് നിയമിക്കാമെന്നാണ് വ്യവസ്ഥ. ഇതിനനുസൃതമായി സർക്കാർ ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് ചുമതല നൽകാൻ ഗവർണർക്ക് ശിപാർശ സമർപ്പിച്ചു. സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പരിധിയിൽ ഉൾപ്പെടുത്തി ഡിജിറ്റൽ സർവകലാശാല വി.സിക്കും ഗവർണർ കാരണംകാണിക്കൽ നോട്ടീസ് നൽകുകയും സർക്കാർ ശിപാർശ തള്ളുകയും ചെയ്തു. തുടർന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്ക് ചുമതല നൽകാൻ സർക്കാർ ശിപാർശ നൽകിയെങ്കിലും അതും തള്ളിയാണ് ഡോ. സിസ തോമസിന് ചുമതല നൽകിയത്.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ചുമതല നൽകാൻ ചാൻസലർ തയാറാകാത്ത സാഹചര്യത്തിൽ നിലവിൽ പി.വി.സി സ്ഥാനത്തുള്ള ഡോ. എസ്. അയൂബിന് വി.സിയുടെ ചുമതല നൽകാൻ സർവകലാശാല നിയമപ്രകാരം സർക്കാർ ശിപാർശ നൽകണം. അതിന് മുമ്പുതന്നെ വി.സിയുടെ ചുമതല മറ്റൊരാൾക്ക് നൽകി ഗവർണർ ഉത്തരവിറക്കി. സർവകലാശാല നിയമം അവഗണിച്ചും യു.ജി.സി റെഗുലേഷൻ പറഞ്ഞുമാണ് ഗവർണറുടെ നടപടി. വി.സിയുടെ താൽക്കാലിക ചുമതല നൽകുന്ന കാര്യത്തിൽ യു.ജി.സി റെഗുലേഷനിൽ വ്യവസ്ഥയില്ലെന്നും ഈ സാഹചര്യത്തിൽ സർവകലാശാല നിയമം നടപ്പാക്കാൻ ഗവർണർ ബാധ്യസ്ഥാനാണെന്നുമാണ് സർക്കാർ വാദം. യു.ജി.സി റെഗുലേഷൻ പ്രകാരം അക്കാദമിക് മേഖലയിലുള്ള പത്ത് വർഷത്തിൽ കുറയാത്ത പ്രഫസർ പരിചയമുള്ളയാളെ മാത്രമേ വി.സിയായി നിയമിക്കാനാകൂവെന്നും ഇത് താൽക്കാലിക ചുമതല നൽകുന്നതിലും ബാധകമാണെന്ന് രാജ്ഭവൻ പറയുന്നു. സർക്കാറുമായി ബന്ധപ്പെട്ട വ്യക്തിയായതിനാൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് വി.സിയുടെ ചുമതല നൽകാനാകില്ലെന്നാണ് രാജ്ഭവൻ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.