രാജ്ഭവനിൽ ഗവർണറുടെ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്ന് രാജ്ഭവനിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിരുന്നിൽ പങ്കെടുക്കാതെ വിട്ടുനിന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്പീക്കർ എ.എൻ. ഷംസീറും വിരുന്നിനെത്തിയില്ല.
തലസ്ഥാനത്തിന് പുറത്ത് നേരത്തേ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് സ്പീക്കർ വിരുന്നിൽ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡൽഹിയിലുമാണ്.
അതേസമയം, ചീഫ് സെക്രട്ടറിയും ഡി.ജി.പിയും വിവിധ വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടെയുള്ളവർ വിരുന്നിനെത്തി. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ജോസഫ് മാർ ഗ്രിഗോറിയോസ്, മാർ ജോസഫ് പെരുന്തോട്ടം, ജോഷ്വ മാർ ഇഗ്നാത്തിയോസ്, ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ, മാത്യൂസ് മാർ സിൽവാനോസ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.
ചീഫ് സെക്രട്ടറി വി.പി. ജോയ്, ഡി.ജി.പി അനിൽകാന്ത്, പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ മാധവൻ നായർ, ജ. സിറിയക് ജോസഫ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, നടൻ മണിയൻപിള്ള രാജു, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ടി. ബാലകൃഷ്ണൻ, ഡോ. ബി. അശോക്, മാലദ്വീപ് കോൺസൽ ജനറൽ അമീനത്ത് അബ്ദുല്ല ദീദി, ആർക്കിടെക്റ്റ് ജി. ശങ്കർ, സൂര്യ കൃഷ്ണമൂർത്തി, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ, മുസ്ലിം അസോസിയേഷൻ പ്രസിഡന്‍റ് കടയറ നാസർ, സ്വാമി അഭയാനന്ദ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ആർ. ശ്രീകണ്ഠൻ നായർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.