വി.സിയുടെ സസ്പെൻഷൻ അനിവാര്യമാക്കിയെന്ന് ഗവർണറുടെ സത്യവാങ്മൂലം
text_fieldsകൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് കാമ്പസിൽ സിദ്ധാർഥനെന്ന വിദ്യാർഥി മരിച്ച സംഭവം സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥിന്റെ സസ്പെൻഷൻ അനിവാര്യമാക്കിയെന്ന് ചാൻസലർ കൂടിയായ ഗവർണറുടെ വിശദീകരണം. കോളജ് കാമ്പസിലും ഹോസ്റ്റലിലും നടന്ന സംഭവങ്ങൾ വൈസ് ചാൻസലർ അറിയാതിരിക്കാൻ സാധ്യതയില്ലെന്നും നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായതിന്റെ പേരിലാണ് സസ്പെൻഡ് ചെയ്തതെന്നും ചാൻസലർക്കുവേണ്ടി രാജ്ഭവൻ െഡപ്യൂട്ടി സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കാമ്പസിൽ ഏറക്കാലമായി വിദ്യാർഥികൾ ഭയന്നാണ് കഴിഞ്ഞിരുന്നതെന്നാണ് ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്.
ഒട്ടേറെ വിദ്യാർഥികൾക്ക് മുന്നിൽ നിർത്തി സിദ്ധാർഥനെ ദിവസങ്ങളോളം ക്രൂരമായി ആക്രമിച്ചു. സഹപാഠികൾക്ക് നേരെയുള്ള ക്രൂരത ചോദ്യം ചെയ്യാനാവാത്ത സ്ഥിതിയിലാണ് വിദ്യാർഥികൾ കഴിഞ്ഞിരുന്നത്. കാമ്പസിൽ അച്ചടക്കം പരിപാലിക്കുന്നതിൽ വി.സി അടക്കമുള്ളവർ പരാജയപ്പെട്ടു. സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ടും വി.സി അന്വേഷണത്തിന് ഉത്തരവിട്ടില്ല. ആന്റി റാഗിങ് സെല്ലിന്റെ പരാതി കിട്ടിയശേഷം മാത്രമാണ് നടപടിക്ക് മുതിർന്നത്. വി.സിയുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷണം നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സസ്പെൻഡ് ചെയ്തത്. മതിയായ കാരണങ്ങളുടെ പേരിൽ വി.സിക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം, സസ്പെൻഷൻ ചോദ്യം ചെയ്ത് ഡോ. എം. ആർ. ശശീന്ദ്രനാഥ് നൽകിയ ഹരജിയിൽ ഹൈകോടതി വെള്ളിയാഴ്ചയും വാദം കേൾക്കും. പൂക്കോട് വെറ്ററിനറി കോളജിന്റെ കാര്യങ്ങൾ ഡീൻ ആണ് നോക്കുന്നതെന്നും അവിടെ നടക്കുന്ന സംഭവങ്ങളിൽ വി.സിക്ക് നേരിട്ട് ബന്ധമില്ലെന്നുമാണ് ഹരജിക്കാരുടെ വാദം.
മേധാവികളില്ലാത്ത സർവകലാശാലയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. പകരം നിയമിച്ച വി.സിയും സ്ഥാനമൊഴിഞ്ഞുപോയി. വ്യക്തിപരമായി അഴിമതി, ഫണ്ട് തിരിമറി, കരുതിക്കൂട്ടി പദവി ദുരുപയോഗം, ഔദ്യോഗിക പെരുമാറ്റദൂഷ്യം തുടങ്ങി ആരോപണങ്ങളുടെ പേരിലല്ലാതെ വിസിക്കെതിരെ നടപടി പാടില്ലെന്നും വാദിച്ചു. സർക്കാർ ചൂണ്ടിക്കാട്ടിയ വിധത്തിലുള്ള കാര്യങ്ങൾ വി.സിയുടെ ഭാഗത്ത് നിന്നുണ്ടായാലല്ലേ സസ്പെൻഷൻ സാധ്യമാകൂവെന്ന് കോടതിയും ആരാഞ്ഞു. തുടർന്നാണ് ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.