ഗവർണറുടെ ഹിയറിങ്: എം.ജി വി.സി എത്തി, സമയം നീട്ടിച്ചോദിച്ച് കണ്ണൂർ വി.സി
text_fieldsതിരുവനന്തപുരം: ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് രാജ്ഭവനിൽ നേരിട്ടെത്തി തന്റെ നിലപാട് വിശദീകരിച്ചു. എന്നാൽ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ രണ്ടാഴ്ചകൂടി സമയം ആവശ്യപ്പെട്ടു. കണ്ണൂർ വി.സിക്കുവേണ്ടി അഭിഭാഷകൻ ഹാജരായാണ് സമയം ആവശ്യപ്പെട്ടത്.
എന്നാൽ, വാദം അവതരിപ്പിക്കാനുണ്ടെങ്കിൽ ഈ മാസം 11നകം ഹാജരായി അറിയിക്കണമെന്നും അല്ലെങ്കിൽ ബോധിപ്പിക്കാൻ ഒന്നുമില്ലെന്ന് രേഖപ്പെടുത്തുമെന്നും ഗവർണർ കണ്ണൂർ വി.സിയുടെ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. ചാൻസലറായ ഗവർണറുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നെന്നും തന്റെ ഭാഗം വിശദീകരിച്ചെന്നും ഡോ. സാബു തോമസ് പറഞ്ഞു. വി.സി പദവിയിൽ നിയമനത്തിന് യോഗ്യനാണെന്നും നടപടികളിൽ വീഴ്ചയുണ്ടായെങ്കിൽ ഉത്തരവാദിയല്ലെന്നുമാണ് സാബു തോമസ് പ്രധാനമായും ഗവർണറെ അറിയിച്ചത്.
വി.സി നിയമനത്തിനായി സെർച് കമ്മിറ്റി കൂടുതൽ പേരെ അഭിമുഖത്തിനായി വിളിച്ചിരുന്നെന്നും എന്തുകൊണ്ടാണ് തന്റെ പേര് മാത്രം നിർദേശിച്ചതെന്ന് അറിയില്ലെന്നും വി.സി ഗവർണറെ അറിയിച്ചു. യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ട് സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നാലെയാണ് നിയമനത്തിൽ സമാന പ്രശ്നങ്ങളുള്ള വി.സിമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വി.സിമാർ ഹൈകോടതിയെ സമീപിച്ചതോടെ തുടർനടപടികൾക്ക് സ്റ്റേ നൽകിയിട്ടുണ്ട്. കേസിൽ കോടതി ഈ മാസം വിധി പറയും. ഇതിനിടെയാണ് നോട്ടീസ് നൽകിയ വി.സിമാർക്ക് തങ്ങളുടെ ഭാഗം നേരിട്ടെത്തി വിശദീകരിക്കാൻ ഗവർണർ അവസരം നൽകിയത്. നോട്ടീസ് നൽകിയ ഒമ്പത് വി.സിമാരിൽ മൂന്നുപേർ ഡിസംബർ 12ന് നേരിട്ട് ഹിയറിങ്ങിന് ഹാജരായിരുന്നു. നാലുപേർക്ക് വേണ്ടി അഭിഭാഷകരും ഹാജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.