ഗവർണറുടെ ഇടപെടൽ: നിയമപോരാട്ടത്തിൽ ഉറച്ച് എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: സർവകലാശാലകൾക്ക് മേലുള്ള ഗവർണറുടെ ഇടപെടലിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നവംബർ 15ന് രാജ്ഭവന് മുന്നിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഭരണത്തെ അസ്ഥിരപ്പെടുത്തുന്ന നിലപാടും മന്ത്രിമാർക്കെതിരായ ആക്ഷേപാർഹ വിമർശവുമായി ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ സകല രാഷ്ട്രീയശക്തിയും സമാഹരിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച ചേർന്ന എൽ.ഡി.എഫ് നേതാക്കളുടെ കൂടിയാലോചനയിലാണ് മുഖ്യമന്ത്രിയുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ തീരുമാനമായത്. വർഗബഹുജന സംഘടന നേതാക്കളുടെ യോഗം എ.കെ.ജി സെന്ററിൽ വിളിച്ചുചേർത്ത സി.പി.എം രാഷ്ട്രീയ പോരാട്ടം കടുപ്പിക്കാനുള്ള നീക്കത്തിലാണ്.
അതേസമയം, ഗവർണർക്കെതിരായ വി.സിമാരുടെ പരാതിയിൽ തിങ്കളാഴ്ച ഹൈകോടതി സിംഗ്ൾ ബെഞ്ചിൽനിന്ന് ലഭിച്ചത് താൽക്കാലികമായ ശാന്തി മാത്രമാണെന്ന് സർക്കാറും എൽ.ഡി.എഫും തിരിച്ചറിയുന്നു. നടപടിക്രമങ്ങൾ പാലിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി ഗവർണർക്ക് തീരുമാനിക്കാമെന്നതുതന്നെ തിരിച്ചടിയിലേ സമാപിക്കൂവെന്ന് സർക്കാറിന് അറിയാം. ഇത് പ്രതിരോധിക്കാനുള്ള നിയമമാർഗമാവും വി.സിമാരും സർക്കാറും തേടുക. ഗവർണർ പ്രതികൂല നടപടി സ്വീകരിച്ചാൽ അതിനെതിരായ ഹരജിയുമായി ഹൈകോടതി ബെഞ്ചിനെ സമീപിക്കാൻ വാതിൽ തുറക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
സാങ്കേതിക സർവകലാശാല വി.സിയെ അയോഗ്യനാക്കിയ സുപ്രീംകോടതി വിധിയിൽ നൽകുന്ന അപേക്ഷയിലാണ് ചെറിയൊരു പ്രതീക്ഷ. അപ്പോഴും ഉന്നത കോടതി അതിന്റെതന്നെ ഒരു വിധിയിൽ പുനരാലോചനക്ക് മുതിരുമോ എന്നതിൽ സംശയമുണ്ട് സി.പി.എമ്മിന്. പിന്നെയുള്ള പ്രതീക്ഷ വിധി എല്ലാ സർവകലാശാല വി.സിമാർക്കും കൂടി ബാധകമാണോ എന്നതാണ്. ഇതെല്ലാം ഗവർണറുടെ പ്രഹരത്തിൽനിന്ന് കൂടുതൽ സമയം ലഭിക്കാനുള്ള സാധ്യത മാത്രമാണ്. അതേസമയം സംഘ്പരിവാറിന് വേണ്ടിയുള്ള രാജ്ഭവൻ ഇടപെടലിന്റെ തുടക്കമാണ് ദൃശ്യമാകുന്നതെന്ന പ്രചാരണം മുൻനിർത്തി രാഷ്ട്രീയ പോരാട്ടവുമായി മുന്നോട്ട് പോകുക മാത്രമാണ് പ്രതിവിധിയെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.