തൃശൂരിൽ മോഹൻ ഭാഗവതുമായി ഗവർണറുടെ കൂടിക്കാഴ്ച
text_fieldsതൃശൂർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആര്‍.എസ്.എസ് സര്‍ സംഘ ചാലക് മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തി. തൃശൂര്‍ അവിണിശേരി ആനക്കല്ലില്‍ ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. സ്പെഷൽ ബ്രാഞ്ച് പോലും വിവരം അറിഞ്ഞിരുന്നില്ല.
രാത്രി 7.45ഓടെ എത്തിയ ഗവർണർ 8.15ഓടെ മടങ്ങി. വാർഷിക സന്ദർശനത്തിന്‍റെ ഭാഗമായി രണ്ട് നാളായി തൃശൂരിലുണ്ട് മോഹൻ ഭാഗവത്. ഇ.എൻ.ടി ഡോക്ടർമാരുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി എത്തിയതാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തില്‍ സര്‍ക്കാറിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിസന്ധിയിലാക്കുന്നതിനിടെയാണ് ഭരണഘടനാ പദവിയിലുള്ള സംസ്ഥാന ഗവർണർ സ്വകാര്യ സ്ഥലത്തെത്തി ആർ.എസ്.എസ് തലവനുമായി കൂടിക്കാഴ്ച നടത്തുന്നത്.
സർക്കാറിനെതിരെ നിരന്തരം ആരോപണമുന്നയിക്കുന്ന ഗവർണർക്കെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത വിമർശനമുന്നയിച്ചിരുന്നു. ഇതിനോട് ശനിയാഴ്ച രാവിലെ എറണാകുളത്ത് മാധ്യമങ്ങളോട് കടുത്തഭാഷയിലാണ് ഗവർണർ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ കത്ത് അടുത്ത ദിവസം പുറത്തു വിടുമെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് ഗവർണർ തൃശൂരിലെത്തിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമർശനമുന്നയിച്ചതിന് പിന്നാലെ തൃശൂരിൽ മാധ്യമങ്ങൾ പ്രതികരണത്തിനായി ഗവർണറെ സമീപിച്ചെങ്കിലും കൂടുതൽ പറയാനില്ലെന്ന് അറിയിച്ച് ഒഴിഞ്ഞു മാറുകയായിരുന്നു. മോഹൻ ഭാഗവതും ഗവർണറും തമ്മിൽ കൂടിക്കാഴ്ചയുണ്ടാവുമോയെന്ന് നേതാക്കളുമായും സ്പെഷൽ ബ്രാഞ്ചുദ്യോഗസ്ഥരുമായും അന്വേഷിച്ചെങ്കിലും ഇല്ലെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ ഡോക്ടർമാരുടെ സമ്മേളനത്തിന് ശേഷം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം രാത്രിയോടെയാണ് അവിണിശേരിയിലെത്തിയത്. ഇതിന് മുമ്പായി തൃശൂരിലെ യോഗ സ്ഥലത്ത് നിന്നു സർ സംഘ ചാലക് ഇവിടെയെത്തിയിരുന്നു. ആർ.എസ്.എസ് തൃശൂർ മഹാനഗർ കാര്യവാഹക് മണിയുടെ വീട്ടിലാണ് മോഹൻ ഭാഗവത് താമസിക്കുന്നത്. ഇവിടെയെത്തിയാണ് ഗവർണർ കൂടിക്കാഴ്ച നടത്തിയത്.
ആർ.എസ്.എസ് സംസ്ഥാന ഭാരവാഹികളും ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. 8.15 ഓടെ മടങ്ങിയ ഗവർണർ എറണാകുളത്തേക്കും മോഹൻ ഭാഗവത് ഗുരുവായൂരിലേക്കും തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.