രാഷ്ട്രപതിക്ക് ഡി.ലിറ്റ്: ഗവർണറുടെ നിർദേശം കേരള സർവകലാശാല തള്ളിയത് രേഖാമൂലം
text_fieldsതിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നത് പരിഗണിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നിർദേശം കേരള സർവകലാശാല രേഖാമൂലം തള്ളി. ഇതുസംബന്ധിച്ച് ഗവർണർക്ക് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ള കത്ത് നൽകിയിരുന്നു. കണ്ണൂർ സർവകലാശാല വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി പിരിച്ചുവിടണമെന്നും വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്നും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഗവർണർക്ക് നൽകിയ രണ്ട് കത്തുകൾ പുറത്തുവന്നിരുന്നു. ഇതേരീതിയിൽ കേരള വി.സി നൽകിയ കത്ത് പുറത്തുവരുമോ എന്നത് സർക്കാർ -ഗവർണർ പോരിൽ നിർണായകമാണ്.
കഴിഞ്ഞ 23ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് എത്തുന്നതിന് മുന്നോടിയായാണ് ഗവർണർ കേരള സർവകലാശാല വി.സിയെ വിളിപ്പിച്ച് ഡി.ലിറ്റ് നൽകുന്നത് സർവകലാശാല പരിഗണിക്കണമെന്ന് നിർദേശിച്ചത്. ആദ്യം എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന വി.സി സിൻഡിക്കേറ്റംഗങ്ങളുമായി ആലോചിച്ചപ്പോൾ അനുകൂല പ്രതികരണമല്ല ലഭിച്ചത്. ഇതിനിടെ ഡി.ലിറ്റ് സമ്മാനിക്കാനുള്ള സാഹചര്യം ഗവർണർ രാഷ്ട്രപതിഭവനെ അറിയിച്ചെന്നാണ് സൂചന.
ഡി.ലിറ്റ് നൽകുന്ന വിഷയം സിൻഡിക്കേറ്റിലെ സി.പി.എം പ്രതിനിധികൾ വഴി സർക്കാറിലും ചർച്ചയായി. എന്നാൽ, അനുകൂല സന്ദേശമല്ല സിൻഡിക്കേറ്റംഗങ്ങൾ വഴി സർവകലാശാലക്ക് ലഭിച്ചത്. ഇക്കാര്യം വൈസ് ചാൻസലർ ഗവർണറെ അറിയിച്ചപ്പോൾ എഴുതിനൽകാൻ നിർദേശിച്ചു. തുടർന്നാണ് വി.സി രേഖാമൂലം കൈമാറിയതെന്നാണ് വിവരം.
എന്നാൽ, കത്ത് നൽകിയത് രാജ്ഭവനോ സർവകലാശാലയോ സ്ഥിരീകരിക്കാൻ തയാറായില്ല. ഡി.ലിറ്റ് നിർദേശം നിരാകരിക്കാൻ വി.സി പറഞ്ഞ കാര്യങ്ങൾ സർക്കാറിനും നിർണായകമാണ്. കത്തിൽ സർക്കാറുമായുള്ള ആശയവിനിമയം പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ തിരിച്ചടിയാകും. സർവകലാശാല സിൻഡിക്കേറ്റും സെനറ്റും തീരുമാനമെടുക്കേണ്ട വിഷയത്തിൽ സർക്കാർ ഇടപെട്ടുവെന്നതിന് ഇത് തെളിവാകും. ഗവർണറുടെ നിർദേശം വി.സി സിൻഡിക്കേറ്റ് യോഗ അജണ്ടയിൽ ഉൾപ്പെടുത്തുകയായിരുന്നു വേണ്ടത്. എന്നാൽ, രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാനുള്ള നിർദേശം സിൻഡിക്കേറ്റിന്റെ പരിഗണനക്ക് വന്നിട്ടുമില്ല. സിൻഡിക്കേറ്റ് ചർച്ച ചെയ്യാതെ ആവശ്യം നിരസിച്ച് കത്ത് നൽകിയെങ്കിൽ അത് വി.സിക്കും കുരുക്കാകും.
ഡി.ലിറ്റ് നിർദേശം സർക്കാർ അറിവോടെ കേരള സർവകലാശാല തള്ളിയതോടെയാണ് കണ്ണൂർ, കാലടി വി.സി നിയമനങ്ങളിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ചാൻസലർ പദവിയിൽ തുടരില്ലെന്ന് വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. നിയമവിരുദ്ധമെന്ന് വ്യക്തമായിട്ടും കണ്ണൂർ വി.സി നിയമനം ഗവർണർ അംഗീകരിച്ച ശേഷമാണ് രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാനാകില്ലെന്ന് കേരള സർവകലാശാല അറിയിച്ചത്. ഇതിന് പിന്നാലെയാണ് കാലടി വി.സി നിയമനത്തിനായി സമർപ്പിച്ച ഒറ്റപ്പേര് ഗവർണർ തള്ളിയത്.
മുൻ വൈസ് ചാൻസലർ എൻ.പി. ഉണ്ണി, നടി ശോഭന, സംഗീതജ്ഞൻ ടി.എം. കൃഷ്ണ എന്നിവർക്ക് ഡി.ലിറ്റ് നൽകാനുള്ള കാലടി സർവകലാശാലയുടെ ശിപാർശ ഗവർണർ അംഗീകരിച്ചെങ്കിലും ചടങ്ങിനുള്ള തീയതി നൽകിയില്ല. കാർഷിക സർവകലാശാലയിലെ ബിരുദദാന ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.