ഓർഡിനൻസ് ഗവർണർ മടക്കിയതിൽ കുരുങ്ങി സർക്കാർ
text_fieldsതിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനൻസ് ഗവര്‍ണര്‍ മടക്കിയത് സർക്കാറിനെ വെട്ടിലാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി വേണമെന്ന നിർദേശത്തോടെയാണ് ഗവർണർ ഓർഡിനൻസ് മടക്കിയത്.
ഓർഡിനൻസിന് അംഗീകാരം ലഭിക്കാതായതോടെ നിയമസഭ സമ്മേളനം വിളിച്ചുചേർക്കുന്നതും പ്രതിസന്ധിയിലായി. ഓർഡിനൻസിന് അംഗീകാരം നേടിയശേഷം അടുത്ത വെള്ളിയാഴ്ച മന്ത്രിസഭ യോഗം ചേർന്ന് നിയമസഭ സമ്മേളനം വിളിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാനായിരുന്നു സർക്കാർ നീക്കം.
നിയമസഭ സമ്മേളനം തീരുമാനിച്ചാൽ ഓർഡിനൻസ് ഇറക്കാനാകില്ല. ഗവർണർ മടക്കിയതോടെ ഓർഡിനൻസിന് അനുമതി തേടി സർക്കാർ ഫയൽ തെരഞ്ഞെടുപ്പ് കമീഷന് അയച്ചിട്ടുണ്ട്. ഇത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരത്തിനയക്കുമെന്നാണ് സൂചന. കമീഷനിൽനിന്ന് അംഗീകാരം വൈകിയാൽ ഓർഡിനൻസ് നീക്കം പൊളിയും. നിയമസഭ സമ്മേളനം തീരുമാനിക്കാൻ വെള്ളിയാഴ്ച മന്ത്രിസഭ യോഗം ചേരുന്നുണ്ട്.
ജൂൺ 10 മുതൽ ജൂലൈ 27 വരെ നിയമസഭ ചേരാനാണ് നേരത്തേയുള്ള ധാരണ. നിയമസഭ ചേരുകയാണെങ്കിൽ ഓർഡിനൻസിന് പ്രസക്തി ഇല്ലാതാകും. പിന്നീട് ബില്ലായി സഭയിൽ കൊണ്ടുവരാം.
സഭാസമ്മേളനം നീട്ടിവെച്ചാൽ ജൂലൈ 31നകം ധനാഭ്യർഥന ചർച്ച നടത്തി ഉപധനാഭ്യർഥനയും ധനവിനിയോഗ ബില്ലും ധനബില്ലും പാസാക്കാനാവുമോയെന്ന ആശങ്ക സർക്കാറിനുണ്ട്. അതിനാൽ ജൂൺ 10ന് സമ്മേളനം തുടങ്ങിയ ശേഷം ലോകകേരള സഭക്കായി 12ന് നിർത്തിവെച്ച് 18നോ 19നോ വീണ്ടും ചേരുന്നതാണ് പരിഗണനയിൽ. ധനാഭ്യർഥന ചർച്ചക്ക് 13 ദിവസവും ധനവിനിയോഗ ബില്ലും ധനബില്ലും പാസാക്കാൻ മൂന്നുദിവസവും വേണം. മറ്റ് ബില്ലുകളടക്കം പരിഗണിക്കേണ്ടി വന്നാൽ ചുരുങ്ങിയത് 22 ദിവസം സഭ സമ്മേളിക്കേണ്ടിവരും.
വാർഡ് വിഭജനത്തിനായി 1994ലെ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്താനാണ് ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്.
ഓർഡിനൻസിന് അംഗീകാരം ലഭിച്ചാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അധ്യക്ഷനായി ഡീലിമിറ്റേഷൻ കമ്മിറ്റി രൂപവത്കരിച്ച് വിജ്ഞാപനമിറക്കി നടപടികളിലേക്ക് കടക്കാനായിരുന്നു ലക്ഷ്യം.
ഓർഡിനൻസ് ശാസ്ത്രീയ വിഭജനത്തിന് -മന്ത്രി രാജീവ്
തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനം ശാസ്ത്രീയമായി നടത്താൻ ലക്ഷ്യമിട്ടാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന് മന്ത്രി പി. രാജീവ്. ഓര്‍ഡിനന്‍സ് അടിയന്തരഘട്ടത്തില്‍ വരുന്നതാണ്. അതിന്റെ വിശദാംശങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഓർഡിനൻസ് തിരിച്ചയക്കാൻ ഗവര്‍ണര്‍ പറഞ്ഞത് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. അതുകൊണ്ടാണ് മന്ത്രിസഭ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ചാൻസലർ എന്ന നിലയിൽ സർവകലാശാലകളിൽ ഗവർണർക്ക് ഏകാധിപത്യ അധികാരമില്ലെന്നാണ് കേരള സർവകലാശാല സെനറ്റ് നോമിനേഷൻ റദ്ദാക്കി ഹൈകോടതി വ്യക്തമാക്കിയതെന്ന് പി. രാജീവ് പറഞ്ഞു. . കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് എല്ലാവര്ക്കും നല്ലതായിരിക്കും. എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് പാഠമായി ഉള്‍ക്കൊണ്ട് മുന്നോട്ടുപോയാല്‍ കേരളത്തില്‍ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.