ഗവർണറുടെ സുരക്ഷ വീഴ്ച; ഇന്റലിജൻസ് വിവരം ചോർന്നു
text_fieldsതിരുവനന്തപുരം: ഗവർണർക്ക് സുരക്ഷയൊരുക്കാൻ സ്വീകരിച്ച മുൻകരുതൽ നടപടികൾ ചോർത്തിയത് രഹസ്യാന്വേഷണ വിഭാഗത്തിലെ സംഘടന നേതാക്കളെന്ന് ആക്ഷേപം. ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്ന എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനവും ഞായറാഴ്ച പൊലീസിനുണ്ടായ വീഴ്ചയും കണക്കിലെടുത്ത് സുരക്ഷ കർശനമാക്കാൻ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശമുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വയർലെസിലൂടെ ഗവർണറുടെ റൂട്ട് ക്ലിയറൻസ് ഒഴിവാക്കണമെന്ന ഇന്റലിജൻസ് നിർദേശം ചോർത്തിക്കൊടുത്തതാണ് രണ്ടിടത്ത് പ്രതിഷേധിക്കാൻ എസ്.എഫ്.ഐക്ക് അവസരമൊരുക്കിയത്. മൊബൈൽ ഫോൺ വഴിയായിരുന്നു ഗവർണറുടെ റൂട്ട് നിയന്ത്രിച്ചത്. ഈ വിവരം എസ്.എഫ്.ഐ പ്രവർത്തകർക്ക് ചോർത്തിയത് രഹസ്യാന്വേഷണ വിഭാഗത്തിലെ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഉന്നതരാണെന്നത് കണ്ടെത്തി. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സേനക്കുള്ളിൽ ആവശ്യമുയർന്നു.
കഴിഞ്ഞദിവസം തൈക്കാട് സ്വകാര്യ ഹോട്ടലിലെത്തിയ ഗവർണർക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടും പൊലീസ് എസ്.എഫ്.ഐക്ക് ചോർത്തിക്കൊടുത്തിരുന്നു. ഇസഡ് കാറ്റഗറിവേണ്ടതായ ഗവർണറുടെ സുരക്ഷയിൽ തുടർച്ചയായ വീഴ്ചയുണ്ടായതോടെ മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തരവകുപ്പിനുനേരെയാണ് വിമർശനം.
നാല് വർഷം മുമ്പും അക്രമിക്കാൻ ശ്രമിച്ചുവെന്ന് ഗവർണർ
തിരുവനന്തപുരം: നാല് വർഷം മുമ്പ് കണ്ണൂർ സർവകലാശാലയിലും തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്ന് നടപടിയെടുക്കുന്നതിൽനിന്ന് പൊലീസിനെ തടഞ്ഞ വ്യക്തിയെ മുഖ്യമന്ത്രി പേഴ്സനൽ സെക്രട്ടറിയാക്കി ആദരിച്ചു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ആ ഗൂഢാലോചനയിലും പങ്കാളിയായിരുന്നു. ഗുണ്ടകളാണ് ഇന്നു തിരുവനന്തപുരത്തെ റോഡുകൾ ഭരിക്കുന്നത്. അവർ എന്റെ കാറിന് നേരെ വന്നപ്പോൾ, കാർ നിർത്തി ഞാൻ ഇറങ്ങി. എന്തുകൊണ്ടാണ് അവർ ഓടിപ്പോയത്. പ്രതിഷേധിക്കാൻ ഞാൻ എന്താണ് ചെയ്തത്.
സമ്മർദത്തിലാക്കി ഭീഷണിപ്പെടുത്താമെന്നാണോ അവർ കരുതുന്നത്. അവർ ഓടി വരുകയും രണ്ടു വശത്തുനിന്നും എന്റെ കാറിൽ ഇടിക്കുകയും ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി പറയുമ്പോൾ എങ്ങനെ പൊലീസിന് സുരക്ഷയൊരുക്കാൻ കഴിയുമെന്നും ഗവർണർ ചോദിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.