ഗവർണറുടെ പ്രസംഗമൊഴിവാക്കും;നയപ്രഖ്യാപനം തയാറാക്കും
text_fieldsതിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് അതിരൂക്ഷമായി തുടരവെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ സർക്കാർ. കഴിഞ്ഞ ദിവസം പൂർത്തിയായ നിയമസഭ സമ്മേളനത്തിന്റെ തുടർച്ചയായി വീണ്ടും ചേർന്ന് ബജറ്റ് അവതരിപ്പിക്കാനാണ് ധാരണ. ഈ സാഹചര്യത്തിൽ നിലവിലെ സഭ സമ്മേളനം പൂർത്തിയായതായി ഗവർണറെ അറിയിക്കില്ല. അതേസമയം, 2023 ലെ നിയമസഭ സമ്മേളനത്തിനായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലേക്ക് ആവശ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് നൽകാൻ അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തി. ഗവർണറോട് അനുനയ വാതിൽ തുറക്കുന്നതാണ് ഈ തീരുമാനമെന്നാണ് കരുതപ്പെടുന്നത്.
നിയമസഭ പ്രൊറോഗ് ചെയ്യാൻ ഗവർണർക്ക് ശിപാർശ നൽകുന്ന വിഷയം ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ വന്നില്ല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ നിയമസഭ വീണ്ടും ചേരും.
അതേസമയം, ബിസിനസുകൾ പൂർത്തിയായതിനാൽ സഭ പിരിയാമെന്ന് മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രമേയം അവതരിപ്പിച്ചിരുന്നു. അനിശ്ചിത കാലത്തേക്ക് പിരിയുന്നെന്ന് സ്പീക്കർ എ.എൻ. ഷംസീറും പ്രഖ്യാപിച്ചു. ഇതു സാങ്കേതികം മാത്രമാണ്.
പുതിയ വർഷത്തെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. ഭിന്നത തുടരുന്ന സാഹചര്യത്തിൽ നയപ്രഖ്യാപനം അംഗീകരിക്കുന്നതിലടക്കം ഗവർണറുടെ നിലപാട് നിർണായകമാകും. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം വൈകിച്ചത് വലിയ പ്രതിസന്ധിയിലേക്ക് സർക്കാറിനെ എത്തിച്ചിരുന്നു. വീണ്ടും അത്തരമൊരു പ്രതിസന്ധി ഒഴിവാക്കുകയാണ് സർക്കാർ. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ ബിൽ പാസാക്കിയത് വഴി പിറകോട്ടില്ലെന്ന സൂചനയാണ് സർക്കാർ നൽകിയത്. ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽനിന്ന് സർക്കാർ പിന്മാറി. ബജറ്റ് അവതരണവും പൊതുചർച്ചയും നടത്തുകയും വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയും ചെയ്യുന്ന രൂപത്തിൽ സഭ സമ്മേളനം നടത്താനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.