ഗവർണർ പദവി ആവശ്യമില്ലാത്തത്, എടുത്തുകളയണം -ഇ.പി. ജയരാജൻ
text_fieldsപയ്യന്നൂർ:ഗവർണർ പദവി ആവശ്യമില്ലാത്തതാണെന്നും ആ പദവിതന്നെ എടുത്തുകളയണമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. പയ്യന്നൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ജയരാജൻ.
ആ പദവിയിൽ ഇരുന്ന് ഗവർണർ എന്തൊക്കെയോ വിളിച്ചു പറയുന്നു. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോൾ വിളിച്ചു പറയുന്നത്. അന്ന് ഗവർണറോ ബന്ധപ്പെട്ട മാറ്റാരെങ്കിലുമോ പരാതി നൽകിയിട്ടില്ല. ആരുടെയോ താൽപ്പര്യം സംരക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇതിലൂടെ ആ സ്ഥാനം തന്നെ മലീമസമാക്കുന്നു. ഗവർണർ സ്വമേധയാ ചെറുതായിക്കൊണ്ടിരിക്കുന്നു.
ബില്ലിൽ ഒപ്പിടില്ല എന്നു പറയാൻ കഴിയില്ല. എന്തടിസ്ഥാനത്തിലാണത് പറയുന്നതെന്നറിയില്ല. കർട്ടന് പിന്നിൽ നിന്ന് കളിക്കുന്നവരല്ല സി.പി.എം കാർ. ഉള്ളത് പറയും. ഇഷ്ടങ്ങൾക്കനുസരിച്ച് വാക്ക് മാറ്റില്ല. ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന ആളാണ് മുഖ്യമന്ത്രി അദ്ദേഹം പറഞ്ഞു.
മന്ത്രി ശിവൻ കുട്ടി പ്രത്യേകം ഒന്നും പറയണ്ട കാര്യമില്ലെന്നും ശിവൻ കുട്ടി അന്ന് ബോധം ഇല്ലാതെ കിടക്കുകയായിരുന്നുവെന്നും താൻ ആ സംഭവത്തിന് ദൃക്‌സാക്ഷിയാണെന്നും ചോദ്യത്തിന് മറുപടിയായി ജയരാജൻ പറഞ്ഞു. കേരളം നന്നാവരുത് എന്ന് കരുതുന്നവരാണ് വിദേശയാത്രയെ എതിർക്കുന്നത്. പല മാതൃകകളും കണ്ട് പഠിക്കേണ്ടിവരും അതിനാണ് മന്ത്രിമാർ വിദേശയാത്ര നടത്തുന്നത്.
പട്ടി കടിക്കുന്നത് സാധാരണ സംഭവമാണ്. ഇവിടെ മജിസ്‌ട്രേറ്റിനെ വരെ പട്ടി കടിച്ചില്ലേ. മാധ്യമങ്ങൾ ഭീതി പരത്തുകയാണ്. കടിക്കുന്ന പട്ടിയെ തല്ലി കൊല്ലരുത് എന്നാണ് കോടതി പോലും പറഞ്ഞത്. അതിനെ വലിയ വാർത്തയാക്കാൻ ശ്രമിക്കരുത്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ മഹാബലിയുമായി ബന്ധപ്പെട്ട പ്രസ്താവനയെയും സി.പി.എം നേതാവ് പരിഹസിച്ചു. മഹാബലിക്ക് ഒപ്പം ജനിച്ച ആളാണല്ലോ മുരളീധരൻ എന്നായിരുന്നു പരിഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.