ഒടുവിൽ നടപടി; എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് നീക്കി
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഒടുവിൽ നടപടിയുമായി സർക്കാർ. എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് നീക്കി. ഇന്‍റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി മാറ്റി നിയമിച്ചു. എന്നാൽ, ബറ്റാലിയൻ എ.ഡി.ജി.പിയായി അജിത് കുമാർ തുടരും.
എം.ആർ. അജിത്കുമാറിന്‍റെ വീഴ്ചകൾ നിരത്തിയ റിപ്പോർട്ട് ഇന്നലെയാണ് ഡി.ജി.പി ഷേക്ക് ദർവേശ് സാഹിബ് സർക്കാറിന് നൽകിയത്. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ട് പ്രമുഖ ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഗുരുതര വീഴ്ചയാണെന്ന നിരീക്ഷണത്തോടെയാണ് പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട്. രാഷ്ട്രീയ ചർച്ചകൾക്കും നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കും ഐ.പി.എസുകാർക്കുള്ള വിലക്ക് ലംഘിച്ചതായും ഔദ്യോഗിക പദവിയിലിരിക്കുന്നവർ അധികാര സ്ഥാനങ്ങളില്ലാത്ത നേതാക്കളെ കാണേണ്ടതില്ലെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിക്കൂർ നീണ്ട മാരത്തൺ യോഗത്തിന്‍റെ തുടർച്ചയായി ശനിയാഴ്ചയും മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിലാണ് റിപ്പോർട്ടിന് അന്തിമരൂപമായത്. റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചതിന് പിന്നാലെ ഇന്നലെ ശബരിമല അവലോകനയോഗത്തിൽനിന്ന് എ.ഡി.ജി.പിയെ മാറ്റിനിർത്തിയിരുന്നു.
തീരുമാനം നിയമസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കെ
നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. എം.ആർ. അജിത് കുമാറിനെ ക്രമസമാധാന പാലന ചുമതലയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനപ്പുറത്തേക്കുള്ള എന്തെങ്കിലും നടപടികൾ മുഖ്യമന്ത്രി കൈക്കൊള്ളുമോയെന്നായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയിരുന്നത്.
ക്ലിഫ് ഹൗസ് കൂടിക്കാഴ്ചകളിൽ അഭ്യൂഹം പരന്നു; നിഷേധക്കുറിപ്പിറക്കി മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച രാത്രി സമർപ്പിച്ചതോടെ ഞായറാഴ്ച രാവിലെ മുതൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചുയർന്നത് അഭ്യൂഹങ്ങളുടെ പരമ്പര. റിപ്പോർട്ടിൻമേൽ നടപടിയെടുക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി എന്നിവർ ഉൾപ്പെടെയുള്ളവരെ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചെന്നും അജിത്കുമാറിനെതിരെ ഉടൻ നടപടി വരുമെന്നുമായിരുന്നു വാർത്തകൾ.
പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എൻ. രവീന്ദ്രൻ എന്നിവർ രാവിലെ പത്തോടെ ക്ലിഫ് ഹൗസിൽ എത്തിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തിപ്പെട്ടത്. ദൃശ്യമാധ്യമങ്ങളും പിന്നാലെ ക്ലിഫ് ഹൗസിന് മുന്നിലെത്തി. ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബും ഉടൻ ക്ലിഫ് ഹൗസിൽ എത്തുമെന്നും ഉച്ചക്ക് മുമ്പേ നടപടി വരുമെന്നും വാർത്തകൾ പ്രചരിച്ചു. മാധ്യമ വാർത്തകൾ വ്യാപകമായതോടെ പ്രചാരണങ്ങൾ നിഷേധിച്ചുകൊണ്ട് ഉച്ചക്ക് പന്ത്രണ്ടേകാലോടെ മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്തകുറിപ്പിറക്കി. മുഖ്യമന്ത്രിയുടെ വസതിയിൽ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലരെത്തിയെന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതക്കോ മര്യാദക്കോ നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്തകുറിപ്പിൽ പറഞ്ഞു.
പത്തോടെ ക്ലിഫ് ഹൗസിലെത്തിയ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് പതിനൊന്നേകാലോടെ മടങ്ങുകയും ചെയ്തു. പിന്നാലെ വാർത്തകുറിപ്പിറങ്ങിയതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.