പത്ത് വർഷം കൊണ്ട് അഞ്ച് ലക്ഷം പട്ടയങ്ങൾ നൽകുക സർക്കാർ ലക്ഷ്യം-കെ. രാജൻ
text_fieldsലാൻഡ് റവന്യൂ കമീഷണർ കൗശികൻ, മന്ത്രി കെ.രാജൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ
കോഴിക്കോട് :മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനുള്ളിൽ അഞ്ച് ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ. രാജൻ. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടന്ന റവന്യൂ മേഖല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 1.45 ലക്ഷം പട്ടയം കൂടി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.10 വർഷത്തെ സർക്കാർ ഭരണത്തിൻ്റെ സമ്മാനമായി അഞ്ച് ലക്ഷം പട്ടയങ്ങൾ നൽകാൻ സാധിക്കണമെന്ന് സർക്കാരിൻ്റെ നയപ്രഖ്യാപന സമ്മേളത്തത്തിൻ്റെ സമാപന യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിലേറിയ ശേഷം ഇതുവരെ 1,80,777 പട്ടയങ്ങൾ നൽകാനായി. കഴിഞ്ഞ സർക്കാർ കാലത്ത് 1.70 ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. 1.45 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാനുള്ള നിർദേശം എട്ട് ജില്ലകൾക്കായി നിലവിൽ നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം എന്ന ലക്ഷ്യത്തിലെത്താൻ പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
എൽ.എ പട്ടയ വിതരണത്തിൻറെ എണ്ണം വർധിപ്പിക്കണം. നിലവിൽ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള തനത് ഭൂമി സർക്കാരിന് ഡീവെസ്റ്റ് ചെയ്യാൻ വകുപ്പില്ല. തദ്ദേശ വകുപ്പിൻറെ ചട്ട ഭേദഗതിയിലൂടെ ഫെബ്രുവരിയിൽ ഈ വ്യവസ്ഥക്ക് മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞു.
പഞ്ചായത്തിരാജ് നിയമം 279-ാം വകുപ്പ് പ്രാകാരം ശ്മശാനം, മേച്ചിൽപ്പുറം, കളിസ്ഥലം തുടങ്ങിയ പൊതു ആവശ്യങ്ങൾക്ക് മാറ്റിവെച്ച ഭൂമി സർക്കാരിലേക്ക് ഡീവെസ്റ്റ് ചെയ്യാൻ കലക്ടറെ 279 (2) വകുപ്പ് പ്രകാരം ചുമതലപ്പെടുത്തിക്കൊണ്ടുള്ള ചട്ട ഭേദഗതി തദ്ദേശ വകുപ്പ് വരുത്തിയിട്ടുണ്ട്. ഇതു പ്രകാരം കൂടുതൽ പട്ടയങ്ങൾ നൽകാനാകുമെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പിൻറെ കണക്കനുസരിച്ച് 1920 നഗരങ്ങളിലായി 20,000 ത്തോളം നാല് -അഞ്ച് സെൻറിൻറെ അപേക്ഷകർ പഞ്ചായത്തിൽ നിന്നും പുരമേയാൻ സർക്കാർ നൽകുന്ന കാശുപോലും വാങ്ങാൻ സാധിക്കാത്തവരായുണ്ട്. ചട്ട ഭേദഗതിയോടെ ഈ അവസ്ഥക്ക് മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി. കടലിൽ നിന്ന് 30.17 മീറ്റർ വിട്ടു നിൽക്കുന്ന ഭൂമിക്ക് പട്ടയം നൽകുന്നതിൽ തടസ്സമില്ല. തിരുവനന്തപുരത്തും കൊല്ലത്തും കടപ്പുറത്തായി 1100 ഓളം പട്ടയങ്ങൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലാൻറ് റവന്യൂ കമ്മീഷണർ ഡോ. എ കൗശികൻ, സർവെ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ സീറാം സാംബശിവ റാവു, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻറ് റവന്യൂ ജോയിൻറ് കമീഷണർ എ. ഗീത, റവന്യൂ അഡീഷണൽ സെക്രട്ടറി ജെ. ബിജു, ജോയിൻ്റ് സെക്രട്ടറി കെ. സ്നേഹലത, റവന്യൂ വകുപ്പ് അഡീഷനൽ സെക്രട്ടറി ഷീബാ ജോർജ്, കലക്ടർമാരായ അർജുൻ പാണ്ഡ്യൻ (തൃശൂർ), വി ആർ വിനോദ് ( മലപ്പുറം), ഡി.ആർ. മേഘശ്രീ (വയനാട്), അരുൺ കെ.വിജയൻ (കണ്ണൂർ), കെ.ഇമ്പശേഖരൻ (കാസർകോട്), കോഴിക്കോട് എ. ഡി.എം സി. മുഹമ്മദ് റഫീഖ്, സബ് കലക്ടർമാർ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, സർവേ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ അവലോകനമാണ് നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.